പ്ലാസ്റ്റിക് ബാഗുകൾക്ക് പകരമായി ബഹ്‌റൈനിൽ തുണിസഞ്ചികൾ സജീവമാകുന്നു
പ്രദീപ് പുറവങ്കര
മനാമ: 57 മൈക്രോണിൽ താഴെയുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്കുള്ള കർശന നിരോധനം അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരാനിരിക്കെ, ബഹ്‌റൈനിലെ വ്യാപാര മേഖലകളിൽ വലിയ മാറ്റം. സൂപ്പർമാർക്കറ്റ് കൗണ്ടറുകൾ മുതൽ ഇൻസ്റ്റാഗ്രാം സ്റ്റോറുകൾ വരെ ഇപ്പോൾ പരിസ്ഥിതി സൗഹൃദ തുണിസഞ്ചികൾ കീഴടക്കിക്കഴിഞ്ഞു.
രാജ്യത്തെ പ്രമുഖ ഹൈപ്പർമാർക്കറ്റുകളിലെല്ലാം ഇപ്പോൾ ചെറിയൊരു തുക നൽകിയാൽ വാങ്ങാൻ കഴിയുന്ന തുണിസഞ്ചികൾ കൗണ്ടറുകളിൽ ലഭ്യമാണ്. തണുത്തതും ചൂടുള്ളതുമായ സാധനങ്ങൾ കേടുപാടുകൂടാതെ കൊണ്ടുപോകാൻ സഹായിക്കുന്ന ഇൻസുലേറ്റഡ് ബാഗുകളും ഇതിൽ ഉൾപ്പെടുന്നു. 'ഒരു തവണ വാങ്ങുക, അത് സൂക്ഷിച്ചുവെക്കുക, വീണ്ടും ഉപയോഗിക്കുക' എന്ന ലളിതമായ സന്ദേശമാണ് ഇതിലൂടെ ഉപഭോക്താക്കൾക്ക് നൽകുന്നത്.
സോഷ്യൽ മീഡിയയിലൂടെയും വലിയ രീതിയിലുള്ള മാറ്റമാണ് ദൃശ്യമാകുന്നത്. ഇൻസ്റ്റാഗ്രാം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചെറുകിട സംരംഭങ്ങൾ വൈവിധ്യമാർന്ന ഡിസൈനുകളിലുള്ള കൈകൊണ്ട് തുന്നിയ തുണിസഞ്ചികളുമായി സജീവമാണ്. തുണിസഞ്ചികൾ സ്വന്തമായി തുന്നി വിൽക്കുന്ന ഹുദ എന്ന ഇൻസ്റ്റാഗ്രാം സംരംഭക ഇതിനൊരു മികച്ച ഉദാഹരണമാണ്. ഫാക്ടറികളെയോ മറ്റ് നിർമ്മാണ യൂണിറ്റുകളെയോ ആശ്രയിക്കാതെ പൂർണ്ണമായും സ്വയം നിർമ്മിക്കുന്ന തുണിസഞ്ചികളാണ് ഇവർ വിൽക്കുന്നത്. ഉപഭോക്താക്കളുടെ താല്പര്യപ്രകാരം പേരുകളോ പ്രത്യേക ഡിസൈനുകളോ ചിത്രങ്ങളോ തുന്നിച്ചേർത്ത് നൽകാനും റെഡിമെയ്ഡ് ഡിസൈനുകൾ ലഭ്യമാക്കാനും ഇവർക്ക് സാധിക്കുന്നുണ്ട്.
പുതിയ തീരുമാനത്തോട് ബഹ്‌റൈനിലെ വ്യാപാരികൾ മികച്ച രീതിയിലാണ് പ്രതികരിക്കുന്നതെന്ന് വ്യവസായ-വാണിജ്യ മന്ത്രാലയത്തിലെ ഇൻസ്‌പെക്ഷൻ ആൻഡ് സ്റ്റാൻഡേർഡ്സ് ഡയറക്ടറേറ്റ് മേധാവി സയ്യിദ് അലി ശുബ്ബർ വ്യക്തമാക്കി. പല കമ്പനികളും ഇതിനകം തന്നെ തങ്ങളുടെ പ്രൊഡക്ഷൻ ലൈനുകളിൽ മാറ്റം വരുത്തുകയോ പുതിയ നിയമങ്ങൾക്ക് അനുസൃതമായി സാധനങ്ങൾ നൽകുന്ന സപ്ലയർമാരെ കണ്ടെത്തുകയോ ചെയ്തിട്ടുണ്ട്.
പഴയ സ്റ്റോക്കുകൾ വിറ്റഴിക്കുക, പുതിയ വിതരണക്കാരെ കണ്ടെത്തുക, സാങ്കേതിക മാനദണ്ഡങ്ങൾ മനസ്സിലാക്കുക തുടങ്ങിയ ചില പ്രാരംഭ വെല്ലുവിളികൾ വ്യാപാരികൾ നേരിടുന്നുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. എങ്കിലും വ്യാപാരികളെ സഹായിക്കുന്നതിനായി മന്ത്രാലയം പ്രത്യേക മാർഗ്ഗനിർദ്ദേശ ഡയറക്ടറി പുറത്തിറക്കിയിട്ടുണ്ടെന്നും സംശയനിവാരണത്തിനായി നേരിട്ടുള്ള ആശയവിനിമയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
zdfgsdf

