ദുബായിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് പ്രവാസി യുവാവ് അന്തരിച്ചു
ഷീബ വിജയൻ
ദുബൈ: സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ പ്രവാസി യുവാവ് ദുബൈയിൽ കുഴഞ്ഞുവീണ് മരിച്ചു. ദുബൈയിൽ ബിസിനസ് നടത്തിവരികയായിരുന്ന കർണ്ണാടക ഭട്കൽ സ്വദേശി മുഹമ്മദ് സഫ് വാൻ ഷാനു (38) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ബാറ്റ് ചെയ്തുകൊണ്ടിരിക്കെ പെട്ടെന്ന് പിച്ചിൽ കുഴഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിൽ ഒരുമിച്ചാണ് ക്രിക്കറ്റ് കളിക്കാനായി ഗ്രൗണ്ടിലെത്തിയതെന്നും യാതൊരുവിധ അസ്വാഭാവികതയും ഉണ്ടായിരുന്നില്ലെന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്. കഴിഞ്ഞ 15 വർഷമായി യുഎഇയിലുള്ള മുഹമ്മദ് സഫ് വാൻ എട്ടുവർഷത്തോളം സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത ശേഷമാണ് സ്വന്തമായി ബിസിനസ് ആരംഭിച്ചത്. യുഎഇയിലെ പ്രവാസി ക്രിക്കറ്റ് കൂട്ടായ്മകളിൽ മികച്ച ബാറ്ററായി അറിയപ്പെട്ടിരുന്ന അദ്ദേഹം ഒട്ടേറെ ടൂർണമെന്റുകളിൽ ടീമുകളെ നയിക്കുകയും മികച്ച കളിക്കാരനുള്ള സമ്മാനം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യയും മൂന്ന് ആൺകുട്ടികളും നാല് മാസം മാത്രം പ്രായമുള്ള ഒരു പെൺകുഞ്ഞുമടങ്ങുന്നതാണ് മുഹമ്മദ് സഫ് വാന്റെ കുടുംബം. സഹോദരൻ ദുബൈയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു. മൃതദേഹം മുഹൈസിന ഖബറസ്ഥാനിൽ സംസ്കരിച്ചു.
adswads

