രാഹുൽ ഗാന്ധിയുടെ 'സൗജന്യ ഗ്യാരണ്ടി'കളിൽ പുനപരിശോധന പ്രഖ്യാപിച്ച് ഡി.കെ ശിവകുമാർ സർക്കാർ
ഷീബ വിജയൻ
ബെംഗളൂരു: കർണാടകത്തിൽ രാഹുൽ ഗാന്ധിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം എന്ന നിലയിൽ സിദ്ധരാമയ്യ സർക്കാർ നടപ്പാക്കിയ ജനപ്രിയ ഗ്യാരണ്ടി പദ്ധതികളിൽ വലിയ പുനപരിശോധന നടത്താൻ ഡി കെ ശിവകുമാർ സർക്കാരിന്റെ തീരുമാനം. ഗൃഹനാഥകളായ വീട്ടമ്മമാർക്ക് പ്രതിമാസം രണ്ടായിരം രൂപ വീതം നൽകുന്ന 'ഗൃഹലക്ഷ്മി' പദ്ധതിയിലും, 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന 'ഗൃഹജ്യോതി' പദ്ധതിയിലുമാണ് ഇപ്പോൾ പൊളിച്ചെഴുത്തിന് ഒരുങ്ങുന്നത്. എന്നാൽ പദ്ധതികൾ നിർത്തലാക്കുകയല്ല, മറിച്ച് അനർഹമായി ആനുകൂല്യം പറ്റുന്നവരെ ഒഴിവാക്കുകയാണ് ലക്ഷ്യമെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. അതേസമയം, വലിയ സാമ്പത്തിക ബാധ്യത വന്നതോടെ കൈപൊള്ളിക്കുന്ന സൗജന്യങ്ങളിൽ നിന്ന് സർക്കാർ പിൻവാങ്ങുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ പരിഹാസം. കണക്കുകൾ പ്രകാരം ഗൃഹലക്ഷ്മി പദ്ധതിക്കായി 2025-26 സാമ്പത്തിക വർഷത്തിൽ 62,345 കോടി രൂപയും, ഈ വർഷം ഇതുവരെ 28,608 കോടി രൂപയും സർക്കാരിന് ചെലവായിട്ടുണ്ട്. ഗൃഹജ്യോതി പദ്ധതിക്ക് കീഴിൽ കഴിഞ്ഞ വർഷം 28,000 കോടി രൂപയും 2026-ൽ ഇതുവരെ പതിനായിരം കോടിയിലേറെ രൂപയും ചെലവഴിക്കപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ പണം കൈമാറ്റ പദ്ധതിയായ ഗൃഹലക്ഷ്മി 2023 മുതലാണ് സംസ്ഥാനത്ത് ആരംഭിച്ചത്. പദ്ധതികൾ ഒരു കാരണവശാലും നിർത്തലാക്കില്ലെന്നും മറ്റുള്ളവർക്ക് മാതൃകയാകുന്ന മാറ്റങ്ങൾ കൊണ്ടുവരികയാണെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കുന്നു. മരിച്ചവരുടെ ഉൾപ്പെടെ അക്കൗണ്ടുകളിലേക്ക് തുക എത്തുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ നീക്കം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 100 കോടി രൂപയോളം അനർഹരായവർ കൈപ്പറ്റിയെന്ന് പരിശോധനകളിൽ കണ്ടെത്തിയിരുന്നു. ഈ പണം തിരിച്ചുപിടിക്കാൻ നീക്കം തുടങ്ങിയതിനൊപ്പം, ആനുകൂല്യത്തിന് അർഹരായ എല്ലാവരും ആധാർ ഉപയോഗിച്ച് വീണ്ടും പദ്ധതിയിൽ രജിസ്റ്റർ ചെയ്യണമെന്ന നിർദ്ദേശവും സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്. പുതിയ പട്ടിക തയ്യാറാക്കിയ ശേഷമേ ഇനി ആനുകൂല്യങ്ങൾ വിതരണം ചെയ്യൂ എന്ന നിലപാടിലാണ് മുഖ്യമന്ത്രി. സമാനമായി 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന ഗൃഹജ്യോതി പദ്ധതിയിലും വലിയ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. പലരും ഒന്നിലേറെ മീറ്ററുകളിലൂടെ ആനുകൂല്യങ്ങൾ തരപ്പെടുത്തുന്നതായും സൗജന്യ വൈദ്യുതി വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായും കണ്ടെത്തിയ സാഹചര്യത്തിൽ, ഇതിലും ആധാർ ഉപയോഗിച്ചുള്ള പുനർരജിസ്ട്രേഷൻ നിർബന്ധമാക്കുകയാണ്. ചോർച്ച ഒഴിവാക്കാനെന്ന പേരിൽ സർക്കാർ പുനഃപരിശോധന നടത്തുമ്പോൾ, ലക്ഷക്കണക്കിന് മരിച്ചവരെ ഒഴിവാക്കുമെന്ന് പറയുന്നവർ ഈ മൂന്ന് വർഷം ആർക്കാണ് പണം നൽകിയതെന്ന ചോദ്യത്തിന് മറുപടി പറയണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ ബി വൈ വിജയേന്ദ്ര ആവശ്യപ്പെട്ടു.
asasasas

