ഷെയ്ൻ നിഗം ചിത്രങ്ങളായ 'ദൃഢം', 'ഭൂതകാലം' എന്നിവ തന്റെ കഥകൾ മോഷ്ടിച്ച് നിർമ്മിച്ചതെന്ന് ആർ. ശ്രീലേഖ; ആരോപണം തള്ളി സംവിധായകൻ
ഷീബ വിജയൻ
കൊച്ചി: ഷെയ്ൻ നിഗം നായകനായി എത്തിയ 'ദൃഢം', 'ഭൂതകാലം' എന്നീ സിനിമകൾ തന്റെ കഥകൾ മോഷ്ടിച്ച് നിർമ്മിച്ചതാണെന്ന ഗുരുതരമായ ആരോപണവുമായി മുൻ ഐ.പി.എസ് ഉദ്യോഗസ്ഥ ആർ. ശ്രീലേഖ രംഗത്തെത്തി. വർഷങ്ങൾക്ക് മുൻപ് താൻ രചിക്കുകയും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുകയും ചെയ്ത 'കരിങ്കുടി പൊലീസ് സ്റ്റേഷൻ' എന്ന ചെറുകഥ മോഷ്ടിച്ചാണ് 'ദൃഢം' എന്ന സിനിമയൊരുക്കിയതെന്നാണ് ശ്രീലേഖയുടെ പ്രധാന ആരോപണം. ഈ കഥ തന്റെ യൂട്യൂബ് ചാനലിൽ ശ്രവണകഥയായി അവതരിപ്പിച്ചിട്ടുണ്ടെന്നും അവർ ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. കൂടാതെ, തന്റെ ചാനലിൽ മൂന്ന് വർഷം മുൻപ് പറഞ്ഞ ഒരു അനുഭവകഥയുടെ മോഷണമാണ് അവാർഡുകൾ വാരിക്കൂട്ടിയ 'ഭൂതകാലം' എന്ന സിനിമയെന്നും അവർ ആരോപിക്കുന്നു. താൻ 'ഭൂത ഭവനം' എന്ന് പേരിട്ട കഥയുമായി ഈ സിനിമയ്ക്ക് തലക്കെട്ടിൽ പോലും സാമ്യമുണ്ട്. ഈ രണ്ട് സിനിമകൾക്കും തമ്മിൽ മറ്റൊരു കണക്ഷൻ കൂടിയുണ്ടെന്നും രണ്ടിലെയും നായകൻ ഷെയ്ൻ നിഗം ആണെന്നും ശ്രീലേഖ ചൂണ്ടിക്കാണിച്ചു. 'പറവ' എന്ന സിനിമ മുതൽ ഈ നടനെ തനിക്ക് ഇഷ്ടമാണെന്നും തന്നോടൊപ്പം ജോലി ചെയ്തിരുന്ന, താൻ ഒരു കുഞ്ഞു സഹോദരനായി കണ്ടിരുന്ന മുഹമ്മദ് എന്ന പോലീസുദ്യോഗസ്ഥനെപ്പോലെയാണ് ഷെയ്ൻ നിഗം കാണാനെന്നും പ്രത്യേകിച്ച് 'ദൃഢം' എന്ന സിനിമയിലെ പോലീസ് വേഷത്തിൽ അങ്ങനെ തോന്നിയെന്നും അവർ കുറിച്ചു. എന്നാൽ, ഈ ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ട് ദൃഢം സിനിമയുടെ സംവിധായകൻ മാർട്ടിൻ രംഗത്തെത്തി. ആർ. ശ്രീലേഖയുടെ പോസ്റ്റ് കണ്ടിരുന്നുവെന്നും എന്നാൽ അതുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയുടെ എഴുത്തുകാരായ ജോമോൻ, ലിന്റോ എന്നിവരുമായി ബന്ധപ്പെട്ടപ്പോൾ അവർ ആദ്യമായാണ് ഇത് കാണുന്നതെന്നാണ് പറഞ്ഞത്. 'ദൃഢം' സിനിമ കണ്ടവർക്ക് അതിന് ഈ ചെറുകഥയുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി മനസ്സിലാകുമെന്നും സംവിധായകൻ മാർട്ടിൻ പ്രതികരിച്ചു.
asdssa

