ഫുട്ബോൾ പരിശീലനത്തിനെത്തിയ 17കാരിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ കോച്ച് അറസ്റ്റിൽ
ഷീബ വിജയൻ
മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഫുട്ബോൾ കോച്ച് മഹാരാഷ്ട്രയിലെ പാൽഘറിൽ അറസ്റ്റിലായി. വസായിൽ ഫുട്ബോൾ അക്കാദമി നടത്തുന്ന അഭിജിത് മണ്ഡൽ (36) ആണ് പോക്സോ (POCSO) നിയമപ്രകാരം പോലീസിന്റെ പിടിയിലായത്.
അക്കാദമിയിൽ ചേർന്ന 17 വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതി. 2023-ൽ അക്കാദമിയിൽ ചേർന്ന പെൺകുട്ടിയെ കഴിഞ്ഞ മൂന്ന് വർഷമായി ഇയാൾ പലതവണയായി ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ സൗമ്യമായി പെരുമാറി വിശ്വാസം പിടിച്ചുപറ്റിയ ശേഷമായിരുന്നു ചൂഷണം. കായികരംഗത്ത് വലിയ അവസരങ്ങൾ വാഗ്ദാനം ചെയ്തും ഇയാൾ പീഡനം തുടർന്നു.
ഇയാളുമായുള്ള സമ്പർക്കം ഒഴിവാക്കാൻ പെൺകുട്ടി ശ്രമിച്ചപ്പോൾ, കൈവശമുള്ള സ്വകാര്യ വീഡിയോകളും ചിത്രങ്ങളും കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. മാനസിക സമ്മർദ്ദം താങ്ങാനാകാതെ വന്നതോടെ പെൺകുട്ടി വിവരം വീട്ടുകാരോട് പറയുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു. വസായിലെ മണിക്പുർ പോലീസ് പ്രാഥമിക അന്വേഷണത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
ddfdfsdfs

