പകർച്ചവ്യാധികൾ വർദ്ധിച്ചു; വിവരങ്ങൾ മറച്ചുവെക്കില്ലെന്നും നിയന്ത്രണത്തിന് ഹൈപ്പവർ കമ്മിറ്റി രൂപീകരിച്ചെന്നും മന്ത്രി കെ. മുരളീധരൻ


ഷീബ വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പകർച്ചവ്യാധികൾ വർദ്ധിച്ചിട്ടുണ്ടെന്നും ഭാവിയിൽ രോഗവ്യാപനം തടയുന്നതിനായി ഒരു ഹൈപ്പവർ കമ്മിറ്റിയെ നിയോഗിച്ചതായും ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. സർക്കാർ യാതൊരുവിധ കണക്കുകളും മറച്ചുവെക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിപ പ്രതിരോധത്തിന്റെ ഭാഗമായി 38 ടെസ്റ്റുകൾ നടത്തിയതിൽ 37 എണ്ണവും നെഗറ്റീവ് ആണ്. എന്നാൽ സംസ്ഥാനത്ത് ഈ മാസം 70 പേർക്ക് ഷിഗല്ല സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വർഷം ആകെ അഞ്ച് ഷിഗല്ല മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മലപ്പുറം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലാണ് മരണങ്ങൾ സംഭവിച്ചത്; ഇതിൽ കോഴിക്കോട്ടും മലപ്പുറത്തും രണ്ട് വീതം മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കോഴിക്കോട്ട് ചികിത്സയിലുള്ള ഒരു കുട്ടിയുടെ നില നിലവിൽ ഗുരുതരമായി തുടരുകയാണ്. ഈ വർഷം ഇതുവരെ ആകെ 146 പേർക്കാണ് ഷിഗല്ല സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ ചേർന്ന വിപുലമായ യോഗത്തിലെ തീരുമാനപ്രകാരമാണ് പകർച്ചവ്യാധി നിയന്ത്രണത്തിനായി ഹൈപ്പവർ കമ്മിറ്റി രൂപീകരിച്ചത്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ കൺസൾട്ടന്റായ ഡോ. എസ്.എസ്. ലാലിനെ ഇതിന്റെ ചുമതല ഏൽപിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് കോ-ഓർഡിനേറ്ററായും ഡോ. ശ്രീജിത് എൻ. കുമാർ കൺവീനറായും പ്രവർത്തിക്കും. സർക്കാർ-സ്വകാര്യ മേഖലയിലെ വിദഗ്ധ ഡോക്ടർമാർ, ആയുഷ്, മൃഗസംരക്ഷണം, ഭക്ഷ്യസുരക്ഷ, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളിൽ നിന്നുള്ള വിദഗ്ധരും ഈ കമ്മിറ്റിയിൽ ഉൾപ്പെടുന്നുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾക്കായി കൃത്യമായ ഒരു കലണ്ടർ തയ്യാറാക്കുകയും ഹൈപ്പവർ കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മറ്റ് നടപടികൾ സ്വീകരിക്കുകയും ചെയ്യും. കൂടാതെ, പകർച്ചവ്യാധി നിയന്ത്രണത്തിനായി ജില്ലാ തലത്തിൽ ഔട്ട്ബ്രേക്ക് മോണിറ്ററിങ് യൂണിറ്റുകളും പ്രതിരോധത്തിനായി ജില്ലാ തല ആക്ഷൻ കമ്മിറ്റികളും രൂപീകരിക്കും. ആർ.ആർ.ടിമാരും (Rapid Response Team) ഇതിന്റെ ഭാഗമായി പ്രവർത്തിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

article-image

aasassa

You might also like

  • Lulu Exchange
  • Straight Forward

Most Viewed