ഹോർമുസ് കടലിടുക്കിൽ ഓയിൽ ടാങ്കറിന് നേരെ ഇറാൻ സൈന്യത്തിന്റെ വെടിവെപ്പ്


പ്രദീപ് പുറവങ്കര I അന്തർദേശീയം

ലണ്ടൻ/മനാമ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ചരക്കുനീക്കം നടത്തുന്ന ഓയിൽ ടാങ്കറിന് നേരെ ഇറാനിയൻ റവല്യൂഷണറി ഗാർഡിന്റെ വെടിവെപ്പ്. യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) ആണ് ഇന്ന് നടന്ന ഈ ആക്രമണ വിവരം പുറത്തുവിട്ടത്.

ഒമാൻ തീരത്ത് നിന്ന് ഏകദേശം 20 നോട്ടിക്കൽ മൈൽ (30 കിലോമീറ്റർ) അകലെ വെച്ചാണ് സംഭവം. രണ്ട് ഇറാനിയൻ യുദ്ധക്കപ്പലുകൾ ടാങ്കറിനെ ലക്ഷ്യമാക്കി നീങ്ങുന്നതായി കപ്പലിലെ ക്യാപ്റ്റൻ അറിയിച്ചു. യാതൊരുവിധ മുൻകൂർ മുന്നറിയിപ്പും നൽകാതെയാണ് കപ്പലിന് നേരെ വെടിവെപ്പുണ്ടായതെന്ന് ക്യാപ്റ്റൻ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് ഇരയായ കപ്പലിന്റെ പേരോ മറ്റ് വിവരങ്ങളോ സുരക്ഷാ കാരണങ്ങളാൽ വെളിപ്പെടുത്തിയിട്ടില്ല. ടാങ്കറും അതിലെ ജീവനക്കാരും നിലവിൽ സുരക്ഷിതരാണെന്ന് യു‌കെ‌എം‌ടി‌ഒ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

ഇറാനിയൻ തുറമുഖങ്ങൾ ഉപയോഗിക്കുന്ന കപ്പലുകൾക്ക് മേലുള്ള ഉപരോധം തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതത്തിന് ഇറാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അമേരിക്കയുടെ നടപടിയോടുള്ള തിരിച്ചടിയായാണ് ഇറാൻ സൈന്യത്തിന്റെ ഈ പ്രകോപനമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇറാനിയൻ റവല്യൂഷണറി ഗാർഡ് കോർപ്സ് നേവി 'എക്സ്' (X) പ്ലാറ്റ്‌ഫോമിലൂടെ തങ്ങളുടെ നിലപാട് വ്യക്തമാക്കി. "ഇറാനിൽ നിന്നുള്ളതോ ഇറാനിലേക്കുള്ളതോ ആയ കപ്പലുകളുടെ സഞ്ചാരം ഭീഷണിയിലാകുന്നിടത്തോളം കാലം, ഹോർമുസ് കടലിടുക്കിലെ സ്ഥിതിഗതികൾ പഴയപടി തന്നെ തുടരും" എന്നാണ് അവർ പ്രസ്താവിച്ചത്.

അമേരിക്കയും ഇറാനും തമ്മിലുള്ള ഭൗമരാഷ്ട്രീയ തർക്കം കടൽപ്പാതകളിലെ സുരക്ഷയെ ബാധിക്കുന്നത് ആഗോള എണ്ണ വിപണിയിൽ വലിയ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed