കാലഹരണപ്പെട്ട ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തി: കമ്പനിയുടമയ്ക്ക് ഒരു ലക്ഷം ദിനാറിലധികം പിഴയും ജീവനക്കാർക്ക് തടവും
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ഹമദ് ടൗൺ: കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പുതിയ ലേബലുകൾ ഒട്ടിച്ച് വിൽപ്പന നടത്തിയ കേസിൽ കമ്പനിയുടമയ്ക്കും അഞ്ച് ജീവനക്കാർക്കും എതിരെ കടുത്ത ശിക്ഷാ നടപടികളുമായി കോടതി. രണ്ടാം ലോവർ ക്രിമിനൽ കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. കമ്പനിയുടമയ്ക്ക് 1,03,000 ബഹ്‌റൈൻ ദിനാർ പിഴ ചുമത്തി. കേസിൽ ഉൾപ്പെട്ട ഏഷ്യൻ വംശജരായ നാല് തൊഴിലാളികൾക്ക് ആറ് മാസം മുതൽ ഒരു വർഷം വരെ തടവും, ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു.
ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്ന രണ്ട് ഗോഡൗണുകൾ ആറ് മാസത്തേക്ക് അടച്ചുപൂട്ടാൻ കോടതി ഉത്തരവിട്ടു. കാലാവധി കഴിഞ്ഞതും കേടായതുമായ മുഴുവൻ ഭക്ഷ്യവസ്തുക്കളും നശിപ്പിക്കാനും, തട്ടിപ്പിനായി ഉപയോഗിച്ച ഉപകരണങ്ങൾ കണ്ടുകെട്ടാനും നിർദ്ദേശമുണ്ട്. അന്തിമ വിധി വന്നാലുടൻ പ്രതികളുടെ ചെലവിൽ തന്നെ ഈ വാർത്ത പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവിട്ടു. ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകളിൽ രേഖപ്പെടുത്തിയ തീയതികളിൽ മാറ്റം വരുത്തി പുതിയ ലേബലുകൾ പതിച്ചാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്. മതിയായ ലൈസൻസുകൾ ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ഹമദ് ടൗൺ പോലീസ് സ്റ്റേഷനിൽ ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പ് പുറത്തായത്. ആദ്യ ഗോഡൗണിൽ നിന്ന് ലേബൽ മാറ്റിയ വസ്തുക്കൾ കണ്ടെത്തിയതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്ന രണ്ടാമത്തെ കേന്ദ്രവും കണ്ടെത്തിയത്.
പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയുയർത്തുന്ന ഇത്തരം പ്രവണതകൾക്കെതിരെ കർശന നടപടി തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
sdfdsf



