യുഎസിനെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ഇറാനെ അനുവദിക്കില്ലെന്ന് ട്രംപ്; ബുധനാഴ്ചയ്ക്കകം തീരുമാനമുണ്ടായില്ലെങ്കിൽ വെടിനിർത്തൽ അവസാനിക്കും
പ്രദീപ് പുറവങ്കര I അന്തർദേശീയം
വാഷിംഗ്ടൺ: ഇറാൻ വിഷയത്തിൽ ശുഭവാർത്തകൾ പ്രതീക്ഷിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ശനിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. എന്നാൽ, അമേരിക്കയെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ഇറാനെ അനുവദിക്കില്ലെന്നും അദ്ദേഹം കർശന മുന്നറിയിപ്പ് നൽകി. നിലവിൽ ഇറാനുമായി നടക്കുന്നത് "വളരെ നല്ല" ചർച്ചകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടെങ്കിലും, വരാനിരിക്കുന്ന ബുധനാഴ്ചയ്ക്കകം വ്യക്തമായ ഒരു കരാറിലെത്താൻ സാധിച്ചില്ലെങ്കിൽ ഇപ്പോൾ നിലവിലുള്ള വെടിനിർത്തൽ നീട്ടിനൽകില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഇതോടെ വരും ദിവസങ്ങൾ മിഡിൽ ഈസ്റ്റ് രാഷ്ട്രീയത്തിൽ അതീവ നിർണ്ണായകമാകും.
അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രായേലും ലെബനനും തമ്മിലുണ്ടാക്കിയ വെടിനിർത്തൽ കരാറിനെത്തുടർന്ന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് ഇറാൻ ഹോർമുസ് കടലിടുക്ക് താൽക്കാലികമായി തുറന്നുകൊടുത്തു. ആഗോള എണ്ണ വിപണിയുടെ നാഡി എന്നറിയപ്പെടുന്ന ഈ പാത തുറന്നത് താൽക്കാലിക ആശ്വാസമാണെങ്കിലും, ചരക്കുനീക്കം എന്ന് പൂർണ്ണതോതിൽ പുനഃസ്ഥാപിക്കാനാകും എന്നതിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുകയാണ്.
അമേരിക്കയും ഇറാനും പുറത്തിറക്കുന്ന പരസ്പരവിരുദ്ധമായ പ്രസ്താവനകൾ കടൽപ്പാതയിലെ സുരക്ഷയെക്കുറിച്ച് ഷിപ്പിംഗ് കമ്പനികൾക്കിടയിൽ ഇപ്പോഴും ആശങ്ക നിലനിർത്തുന്നുണ്ട്.
aa



