കേരളത്തിൽ ചൂട് കടുക്കുന്നു; എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്, വോട്ടെടുപ്പ് ദിനത്തിലും ജാഗ്രത വേണം


ശാരിക l കേരളം

തിരുവനന്തപുരം: കേരളത്തിൽ ഒരിടവേളയ്ക്ക് ശേഷം ചൂട് വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ എട്ടു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ദിനമായ വ്യാഴാഴ്ച വരെ ഈ ജില്ലകളിൽ ഉയർന്ന താപനില അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. കൊല്ലം, കോട്ടയം, തൃശൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് വർധിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ സൂര്യാഘാതം, നിർജലീകരണം എന്നിവയ്ക്കെതിരെ മുൻകരുതൽ വേണം.

തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുള്ളവർക്കും ഉദ്യോഗസ്ഥർക്കും പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്. പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണം. പ്രചാരണ പരിപാടികൾ, റോഡ് ഷോകൾ, പൊതുയോഗങ്ങൾ എന്നിവ വൈകുന്നേരം 4 മണിക്ക് ശേഷം ക്രമീകരിക്കുന്നതാണ് ഉചിതം. പുറത്തിറങ്ങുന്നവർ കുട, തൊപ്പി, പാദരക്ഷകൾ എന്നിവ നിർബന്ധമായും ഉപയോഗിക്കണം. ദാഹം തോന്നിയില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കണം. നിർജലീകരണത്തിന് കാരണമാകുന്ന മദ്യം, ചായ, കാപ്പി, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ പകൽ സമയങ്ങളിൽ ഒഴിവാക്കി ഒആർഎസ്, സംഭാരം, നാരങ്ങാവെള്ളം തുടങ്ങിയവ ശീലമാക്കണമെന്നും നിർദ്ദേശമുണ്ട്.

പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവർ ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത കൂടുതലുള്ളതിനാൽ പ്രത്യേക ശ്രദ്ധ നൽകണം. കട്ടി കുറഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നത് ശരീരതാപം നിയന്ത്രിക്കാൻ സഹായിക്കും. അമിതമായ ക്ഷീണമോ തലകറക്കമോ അനുഭവപ്പെട്ടാൽ ഉടൻ തണലത്തേക്ക് മാറി വിശ്രമിക്കുകയും ചികിത്സ തേടുകയും ചെയ്യണം. വേനൽമഴയ്ക്കൊപ്പമുള്ള ഇടിമിന്നലിനെയും ജാഗ്രതയോടെ കാണണം. ഇടിമിന്നലുള്ള സമയത്ത് മൈക്കുകൾ ഉപയോഗിക്കുന്നതും തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നതും ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി ഓർമ്മിപ്പിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ആവശ്യമായ തണലും കുടിവെള്ളവും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.

article-image

ddfg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed