കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം; റഡാർ സംവിധാനത്തിന് കേടുപാട്
പ്രദീപ് പുറവങ്കര I ഗൾഫ്
കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം. ആക്രമണത്തിൽ വിമാനത്താവളത്തിലെ റഡാർ സംവിധാനത്തിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
നിരവധി ഡ്രോണുകൾ ഉപയോഗിച്ചാണ് വിമാനത്താവളത്തെ ലക്ഷ്യമിട്ടതെന്ന് സിവിൽ ഏവിയേഷൻ വക്താവ് അബ്ദുള്ള അൽ രാജി അറിയിച്ചു. വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് നേരെ കഴിഞ്ഞ ആഴ്ചയും ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. അന്ന് ഇന്ധന ടാങ്കിന് തീപിടിച്ചെങ്കിലും അധികൃതർ ഉടൻ തന്നെ നിയന്ത്രണവിധേയമാക്കി. അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള എല്ലാ സജ്ജീകരണങ്ങളും വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ഇന്നലെ കുവൈറ്റിലെ ശുവൈഖ് തുറമുഖത്തിന് നേരെയും മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടന്നിരുന്നു. തുറമുഖത്തെ രണ്ട് നാവിക കേന്ദ്രങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. മേഖലയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കുവൈറ്റിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
adfsad



