പശ്ചിമേഷ്യൻ സംഘർഷം ആശങ്കാജനകം; സമാധാനത്തിനായി ഇന്ത്യയുടെ നയതന്ത്ര ഇടപെടൽ: പ്രധാനമന്ത്രി
ശാരിക
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥ ആഗോള സാമ്പത്തിക മേഖലയ്ക്ക് വലിയ വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധത്തിനെതിരെ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാൻ വിവിധ രാഷ്ട്രത്തലവന്മാരുമായി ആശയവിനിമയം നടത്തിവരികയാണെന്നും അദ്ദേഹം ലോക്സഭയിൽ പറഞ്ഞു. മൂന്നാഴ്ചയായി തുടരുന്ന യുദ്ധം ഇന്ത്യയുമായി വ്യാപാരബന്ധമുള്ള രാജ്യങ്ങളെ ബാധിക്കുന്നത് അപ്രതീക്ഷിത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
സംഘർഷമേഖലയിലുള്ള ഒരു കോടിയിലധികം വരുന്ന ഇന്ത്യൻ പൗരന്മാരുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷയ്ക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. കപ്പലുകളിലുള്ള ഇന്ത്യക്കാർക്കും സഹായം ഉറപ്പാക്കുന്നുണ്ട്. എംബസികൾ വഴി ആവശ്യമായ എല്ലാ പിന്തുണയും പൗരന്മാർക്ക് എത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ കാരണം ചരക്കുനീക്കം പ്രതിസന്ധിയിലായതും പെട്രോളിയം ഇറക്കുമതിയെ ബാധിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ എൽപിജി ക്ഷാമം കണക്കിലെടുത്ത് നിലവിൽ ഗാർഹിക ആവശ്യങ്ങൾക്ക് മാത്രമാണ് പാചകവാതകം നൽകുന്നത്. ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനൊപ്പം 41 രാജ്യങ്ങളിൽ നിന്നായി ഊർജ്ജം ഇറക്കുമതി ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണ്. രാജ്യത്ത് ആവശ്യത്തിന് പെട്രോളിയം റിസർവ് ഉണ്ടെന്നും ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ സജീവമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും ഹോർമുസ് കടലിടുക്ക് തടയുന്നതും അംഗീകരിക്കാനാവില്ലെന്നും നയതന്ത്ര മാർഗങ്ങളിലൂടെ പ്രശ്നപരിഹാരത്തിനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
eerfderwfsdeswar



