ബഹ്റൈനിൽ ശക്തമായ ഇടിമിന്നലും പേമാരിയും; വരും ദിവസങ്ങളിലും ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിൽ ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയിലും കാറ്റിലും ജനജീവിതം തടസ്സപ്പെട്ടു. പുലർച്ചെ രണ്ട് മണിയോടെയാണ് അസ്ഥിരമായ കാലാവസ്ഥയ്ക്ക് തുടക്കമായത്. കനത്ത കാർമേഘങ്ങൾ രൂപപ്പെട്ടതിനെത്തുടർന്ന് മിക്ക പ്രദേശങ്ങളിലും ശക്തമായ മഴയും അതിവേഗതയിലുള്ള കാറ്റും അനുഭവപ്പെട്ടു. കാറ്റിലും മഴയിലും പലയിടങ്ങളിലും കാഴ്ചപരിധി കുറഞ്ഞത് ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്.
ഇന്ന് പകലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടവിട്ട മഴ തുടരാൻ സാധ്യതയുണ്ടെന്ന് ഗതാഗത, വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിലെ അസ്ഥിരമായ കാലാവസ്ഥ വരും വെള്ളിയാഴ്ച വരെ തുടരാനാണ് സാധ്യത. വരും ദിവസങ്ങളിൽ വീണ്ടും ആകാശം മേഘാവൃതമാകാനും ഇടയ്ക്കിടെ മഴ പെയ്യാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
മഴ കനത്ത സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നിർദ്ദേശിച്ചു. കൃത്യമായ ലെയ്ൻ പാലിക്കുക, വേഗത കുറയ്ക്കുക, മുൻപിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. മഴയത്ത് വാഹനം ഓടിക്കുമ്പോൾ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ ഒഴിവാക്കണമെന്നും സുരക്ഷിതമായ രീതിയിൽ മാത്രം ഓവർടേക്ക് ചെയ്യണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
സിവിൽ ഡിഫൻസ് വിഭാഗവും ജനങ്ങൾക്ക് പ്രത്യേക സുരക്ഷാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കെട്ടിടങ്ങൾക്ക് മുകളിൽ നിന്ന് വീഴാൻ സാധ്യതയുള്ള വസ്തുക്കൾ സുരക്ഷിതമായി മാറ്റണമെന്നും വലിയ മരങ്ങൾക്കും പരസ്യ ബോർഡുകൾക്കും താഴെ നിൽക്കുന്നത് ഒഴിവാക്കണമെന്നും അറിയിപ്പിലുണ്ട്. വെള്ളക്കെട്ടുള്ള റോഡുകളിലൂടെ വാഹനം ഓടിക്കരുതെന്നും അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. സുരക്ഷാ മുൻകരുതലുകളുമായി സഹകരിച്ച് പൊതുസുരക്ഷ ഉറപ്പാക്കണമെന്നാണ് സിവിൽ ഡിഫൻസ് വ്യക്തമാക്കുന്നത്.
dert4545e



