ഖത്തറിൽ വിസ കാലാവധി നീട്ടി; ഫീസില്ലാതെ ആനുകൂല്യം ലഭിക്കും
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ദോഹ: മേഖലയിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ഖത്തറിലെ എല്ലാത്തരം എൻട്രി വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകാൻ ഖത്തർ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. കാലാവധി കഴിഞ്ഞതോ ഉടൻ അവസാനിക്കുന്നതോ ആയ എല്ലാ വിസകൾക്കും ഈ ആനുകൂല്യം ലഭിക്കും. ഫെബ്രുവരി 28 മുതൽ പ്രാബല്യത്തിൽ വന്ന ഈ തീരുമാനം സാഹചര്യങ്ങൾ വിലയിരുത്തി ആവശ്യമെങ്കിൽ ഇനിയും നീട്ടി നൽകുമെന്ന് അധികൃതർ അറിയിച്ചു.
മന്ത്രാലയത്തിന്റെ അംഗീകൃത ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി വിസ കാലാവധി സ്വയമേവ പുതുക്കപ്പെടും. ഇതിനായി പ്രത്യേക ഫീസുകൾ നൽകേണ്ടതില്ലെന്നും സർക്കാർ ഓഫീസുകൾ നേരിട്ട് സന്ദർശിക്കുകയോ പുതിയ അപേക്ഷകൾ നൽകുകയോ ചെയ്യേണ്ടതില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ഫെബ്രുവരി 28-ന് മുമ്പ് വിസ കാലാവധി കഴിഞ്ഞ് നിയമലംഘനം നടത്തിയവർ പിഴയടച്ച് നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമേ ഈ സൗജന്യ ആനുകൂല്യത്തിന് അർഹരാകൂ.
താമസക്കാരുടെയും സന്ദർശകരുടെയും നിയമപരമായ സുരക്ഷ ഉറപ്പാക്കാനാണ് ഈ നടപടി. അതോടൊപ്പം നിലവിലെ സുരക്ഷാ സാഹചര്യം പരിഗണിച്ച് എല്ലാവരും വീടിനുള്ളിൽ തന്നെ കഴിയണമെന്നും അത്യന്താപേക്ഷിതമായ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. ജനാലകൾക്കും തുറസ്സായ സ്ഥലങ്ങൾക്കും അടുത്തുനിന്ന് മാറിനിൽക്കണമെന്നും ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും പൊതുജനാരോഗ്യവും സുരക്ഷയും മുൻനിർത്തി അധികൃതർ ഓർമ്മിപ്പിച്ചു.
dfgdg


