എം.വി. ഗോവിന്ദൻ ഇത്തവണ മത്സരരംഗത്തില്ല; തളിപ്പറമ്പിൽ പി.കെ. ശ്യാമള സ്ഥാനാർത്ഥിയാകും
ഷീബ വിജയൻ
കണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. നിലവിൽ അദ്ദേഹം പ്രതിനിധീകരിക്കുന്ന തളിപ്പറമ്പ് മണ്ഡലത്തിൽ പകരക്കാരിയായി ഭാര്യയും മുതിർന്ന നേതാവുമായ പി.കെ. ശ്യാമള മത്സരിക്കാനാണ് പാർട്ടിയിലെ തീരുമാനം. ചൊവ്വാഴ്ച ചേർന്ന സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച സുപ്രധാന ധാരണയായത്.
ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ പി.കെ. ശ്യാമള ആന്തൂർ നഗരസഭ മുൻ ചെയർപേഴ്സൺ കൂടിയാണ്. തളിപ്പറമ്പിൽ എം.വി. നികേഷ് കുമാറിനെ മത്സരിപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും അവസാന നിമിഷം അദ്ദേഹത്തെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.
ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണയായ മറ്റ് പ്രധാന സ്ഥാനാർത്ഥികൾ:
ധർമ്മടത്ത് പിണറായി വിജയൻ, മട്ടന്നൂരിൽ വി.കെ. സനോജ്, തലശ്ശേരിയിൽ കാരായി രാജൻ, പയ്യന്നൂരിൽ ടി.ഐ. മധുസൂദനൻ, കല്യാശ്ശേരിയിൽ എം. വിജിൻ എന്നിവർ ജനവിധി തേടും. പാർട്ടിയുടെ സംഘടനാ ചുമതലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് എം.വി. ഗോവിന്ദൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കുന്നതെന്നാണ് സൂചന.
waqaews


