പോസ്റ്റലായി മയക്കുമരുന്ന് കടത്ത് : രണ്ട് പ്രവാസികൾക്കെതിരെ കുറ്റം ചുമത്തി; വിധി മാർച്ച് 17-ന്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ഭക്ഷണപ്പൊതികൾക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മൂന്ന് കിലോയോളം മയക്കുമരുന്ന് പോസ്റ്റൽ സെക്ഷനിൽ പിടികൂടിയ സംഭവത്തിൽ രണ്ട് പ്രവാസികൾക്കെതിരെ ബഹ്റൈൻ ഹൈ ക്രിമിനൽ കോടതി കുറ്റം ചുമത്തി. കേസിൽ മാർച്ച് 17-ന് കോടതി വിധി പ്രസ്താവിക്കും. പ്രതികളെ വിചാരണ കഴിയുന്നത് വരെ റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടു.

കഴിഞ്ഞ വർഷം നടന്ന സംഭവത്തിൽ പോസ്റ്റൽ സെക്ഷനിലെ എക്സ്-റേ പരിശോധനയ്ക്കിടെയാണ് പാർസലിൽ അസ്വാഭാവികമായ വസ്തുക്കൾ കസ്റ്റംസ് ഓഫീസറുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഭക്ഷണപ്പൊതികൾക്കും വീട്ടുസാധനങ്ങൾക്കും ഉള്ളിലായി ഒളിപ്പിച്ച നിലയിൽ മൂന്ന് കിലോ വരുന്ന മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. പാർസൽ കൈപ്പറ്റാനായി ഒന്നാം പ്രതിയും കൂടെ രണ്ടാം പ്രതിയും എത്തിയപ്പോഴാണ് കസ്റ്റംസ് ഇവരെ പിടികൂടിയത്.

മറ്റൊരാളുടെ പേരും തിരിച്ചറിയൽ രേഖകളും ഉപയോഗിച്ചാണ് പ്രതികൾ പാർസൽ വരുത്തിയത്. നാട്ടിൽ നിന്ന് ബന്ധുക്കൾ അയച്ച സാധനങ്ങളാണെന്ന് വിശ്വസിപ്പിച്ച് ഒരു സുഹൃത്തിനെ കബളിപ്പിച്ചാണ് പ്രതികൾ ഐഡി കാർഡ് സംഘടിപ്പിച്ചത്. വിദേശത്തുള്ള ഒരാളുടെ നിർദ്ദേശപ്രകാരം പാർസൽ കൈപ്പറ്റാൻ തനിക്ക് 1,500 ബഹ്റൈൻ ദിനാർ വാഗ്ദാനം ചെയ്തിരുന്നതായി പിടിയിലായ ഒന്നാം പ്രതി കോടതിയിൽ വെളിപ്പെടുത്തി. പിടികൂടിയ സമയത്ത് തന്നെ പ്രതി കുറ്റം സമ്മതിക്കുകയും രാജ്യത്തെ മയക്കുമരുന്ന് വിതരണ സംഘവുമായി തനിക്ക് ബന്ധമുണ്ടെന്ന് സമ്മതിക്കുകയും ചെയ്തു. ഈ സംഭവത്തിന് പിന്നിൽ വലിയൊരു ലഹരി മാഫിയ സംഘമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. തിരിച്ചറിയൽ രേഖകൾ നൽകിയ വ്യക്തിക്ക് മയക്കുമരുന്നിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഘത്തിലെ മറ്റ് അംഗങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങൾ അധികൃതർ ഊർജിതമാക്കി.

article-image

erdferererw

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed