ലൈസൻസില്ലാത്ത പ്രവർത്തനം, പഴകിയ ഭക്ഷണം വിൽപന: റെസ്റ്റോറന്റ് ഉടമക്ക് മൂന്ന് വർഷം തടവും വൻ പിഴയും
പ്രദീപ് പുറവങ്കര / മനാമ
കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത് വിൽക്കുകയും ലൈസൻസില്ലാതെ സ്ഥാപനം പ്രവർത്തിപ്പിക്കുകയും ചെയ്ത റെസ്റ്റോറന്റ് ഉടമക്ക് ലോവർ ക്രിമിനൽ കോടതി മൂന്ന് വർഷം തടവും 7,200 ദിനാർ പിഴയും ശിക്ഷ വിധിച്ചു. പൊതുജനാരോഗ്യത്തിന് ഭീഷണിയായ ഗുരുതര കുറ്റകൃത്യങ്ങളാണ് ഇയാൾക്കെതിരെ തെളിയിക്കപ്പെട്ടത്. മതിയായ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, കാലഹരണപ്പെട്ട ഭക്ഷ്യവസ്തുക്കളും സാധനങ്ങളും വ്യാപാരം ചെയ്യുക, റെസ്റ്റോറന്റിന്റെ ശുചിത്വത്തിലും പരിപാലനത്തിലും അശ്രദ്ധ കാണിക്കുക എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിയിക്കപ്പെട്ടത്. പ്രതിയുടെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റിലെ ഒരു ജീവനക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ആരംഭിച്ചത്.
ലൈസൻസില്ലാതെ വീട്ടിൽ വെച്ച് റെസ്റ്റോറന്റിലേക്കുള്ള ഭക്ഷണം പാകം ചെയ്യുന്നുവെന്നും, അനധികൃതമായി സ്റ്റോർ റൂമിൽ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്നുവെന്നും, വിൽക്കുന്ന ഭക്ഷണത്തിൽ കാലാവധി കഴിഞ്ഞ ചേരുവകൾ ഉപയോഗിക്കുന്നു എന്നും ഇയാൾ പ്രോസിക്യൂട്ടർമാരെ അറിയിച്ചു. വിവരം നൽകിയ ജീവനക്കാരന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിക്കുകയും ആരോപണങ്ങൾ പരിശോധിക്കാൻ പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. റെസ്റ്റോറന്റിലും അനധികൃത സ്റ്റോർ റൂമിലും നടത്തിയ പരിശോധനയിൽ, കാലഹരണപ്പെട്ടതും പൂപ്പൽ പിടിച്ചതുമായ വലിയ അളവിലുള്ള ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
അന്വേഷണം പൂർത്തിയാക്കുകയും തെളിവുകൾ വിലയിരുത്തുകയും ചെയ്തശേഷം, പബ്ലിക് പ്രോസിക്യൂഷൻ കേസ് കോടതിക്ക് കൈമാറുകയായിരുന്നു.
sggd
