മദ്യ നിർമ്മാണം; കുവൈത്തിൽ സ്ത്രീകളുൾപ്പെടെ നാല് പ്രവാസികൾ അറസ്റ്റിൽ
കുവൈത്ത് സിറ്റി: അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് വൻതോതിൽ മദ്യം നിർമ്മിച്ച് വിതരണം ചെയ്തിരുന്ന നാല് പ്രവാസികൾ കുവൈത്തിൽ അറസ്റ്റിലായി. അൽ ഖുസൗറിലായിരുന്നു സംഭവം. അറസ്റ്റിലായവരെ തുടർ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറി.
ബാഗുമായി നടന്നുപോവുകയായിരുന്ന ഒരാൾ മുബാറക് അൽ കബീറിലെ സെക്യൂരിറ്റി പട്രോളിങ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്‍പെടുകയായിരുന്നു. ഉദ്യോഗസ്ഥർ ഇയാളുടെ അടുത്തേക്ക് ചെന്നതോടെ ബാഗ് ഉപേക്ഷിച്ച് ഇയാൾ രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. നാല് കുപ്പി മദ്യമായിരുന്നു ഇയാളുടെ ബാഗിലുണ്ടായിരുന്നത്.
മദ്യക്കുപ്പികൾ എവിടെ നിന്ന് ലഭിച്ചുവെന്ന് കണ്ടെത്താനായി ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് നടക്കുന്ന മദ്യനിർമ്മാണത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥർ ഇവിടെയെത്തി മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്തു.

