ജോസ് വിഭാഗം സ്വയം പുറത്തുപോയത്: നല്ല കുട്ടിയായി ധാരണ പാലിച്ചാൽ തിരിച്ചെടുക്കാം: പി.ജെ ജോസഫ്
കോട്ടയം: കേരള കോൺഗ്രസ് ജോസ് വിഭാഗം യുഡിഎഫിൽ നിന്നും സ്വയം പുറത്തുപോയതാണെന്ന് പി.ജെ ജോസഫ്. യുഡിഎഫ് പുറത്താക്കി എന്ന വാക്ക് ഉപയോഗിക്കേണ്ട കാര്യമില്ല. മുന്നണി ധാരണ പാലിക്കാത്ത ജോസ് കെ.മാണി സ്വയം പുറത്തുപോയതാണെന്നും ജോസഫ് പറഞ്ഞു. ജോസ് പുറത്തുപോയത് വേറെ കുറെ ധാരണകൾക്കാണ്. ഇടതുമുന്നണിയുമായി കൂട്ടുകെട്ടുണ്ടാവാം, എൻഡിഎയുമായും കുട്ടുകെട്ടുണ്ടാവാം. ജോസിന്‍റെ തിരിയൽ അനന്തം അജ്ഞാതമാണെന്നും ജോസഫ് പരിഹസിച്ചു.
ജോസ് വിഭാഗത്തിന്‍റെ അടിത്തറ ഇളകുകയാണെന്ന് ജോസഫ് ആരോപിച്ചു. ജോസ് വിഭാഗത്തിൽനിന്ന് ഇന്നും രാജി ഉണ്ടാകും. കോട്ടയത്തു നിന്നും പത്തനംതിട്ടയിൽ നിന്നും കൂടുതൽ നേതാക്കൾ പുറത്ത് വരുമെന്നും ജോസഫ് പറഞ്ഞു. ജോസിന് നല്ല കുട്ടിയായി ധാരണ പാലിച്ച് വേണമെങ്കിൽ യുഡിഎഫിലേക്ക് തിരിച്ചെത്താൻ ഇപ്പോഴും അവസരം ഉണ്ട്. എന്നാൽ രാജി വക്കുകയും ഇല്ല ചര്‍ച്ചക്കുമില്ലെന്ന ജോസിന്‍റെ പ്രസ്താവനയിൽ എല്ലാം വ്യക്തമാണ്. എൽഡിഎഫ് എത്ര സീറ്റ് നൽകിയാലും ജോസ് വിഭാഗം വിജയിക്കില്ലെന്നും ജോസഫ് കൂട്ടിച്ചേർത്തു.

