69,000 ഗാര്ഹിക തൊഴിലാളികള് രാജ്യം വിട്ടതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം.
കുവൈത്ത്: കഴിഞ്ഞ മൂന്നു വര്ഷത്തിനിടയില് 69,000 ഗാര്ഹിക തൊഴിലാളികള് രാജ്യം വിട്ടതായി ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ട സ്ഥിതി വിവര കണക്കുകള് വ്യക്തമാക്കുന്നു. അതേ സമയം ഈ വര്ഷം ആരംഭം മുതല് ഇതു വരെയായി 69,282 പേര് ഗാര്ഹിക വിസയില് രാജ്യത്ത് എത്തിയതായും സ്ഥിതി വിവരകണക്കില് സൂചിപ്പിക്കുന്നു. എന്നാല് നിലവില് പുരുഷന്മാരും സ്ത്രീകളും അടക്കം 718000 ഗാര്ഹിക തൊഴിലാളികളാണു ഇപ്പോള് രാജ്യത്ത് ജോലി ചെയ്യുന്നത്.
കഴിഞ്ഞ വര്ഷം ഡിസംബര് 31 വരെ ഇത് 648000 ആയിരുന്നു. അതായത് ആറു മാസത്തിനിടയില് 9.1 ശതമാനം വര്ദ്ധനവാണു ഗാര്ഹിക തൊഴിലാളികളുടെ എണ്ണത്തില് ഉണ്ടായത്. 21 ലക്ഷം വിദേശികളാണു രാജ്യത്ത് ആകെ തൊഴില് ചെയ്യുന്നത്. ഇതില് 34.1 ശതമാനവും ഗാര്ഹിക തൊഴിലാളികളാണെന്നും സ്ഥിതി വിവര കണക്കില് പറയുന്നു. അതേ സമയം കഴിഞ്ഞ മൂന്നു വര്ഷത്തിനിടയില് 65521 ഗാര്ഹിക തൊഴിലാളികള് കരാര് കാലാവധിക്ക് ശേഷം നാട്ടിലേക്ക് തിരിച്ചു പോയി. ഇതിനു പുറമെ ഇതേ കാലയളവില് 2500 പേരെ നാടു കടത്തുകയും ചെയ്തു.2015 - 2017 കാലയളവില് 21000 ഗാര്ഹിക തൊഴിലാളികളാണു രാജ്യത്ത് നിന്നും സ്വമേധയാ തിരിച്ചു പോയത്.

