എസ്.ഐമാർ വീണ്ടും എസ്.എച്ച്.ഒമാരാകുന്നതിനെതിരെ പൊലീസിൽ കടുത്ത ഭിന്നത; ലോക്കപ്പുകളിൽ മൂന്നാംമുറ തിരിച്ചെത്തുമെന്ന് ആശങ്ക
ശാരിക l കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ ഭരണസംവിധാനം അപ്പാടെ പരിഷ്കരിക്കാനും, സ്റ്റേഷൻ ഹൗസ് ഓഫീസർ ചുമതല വീണ്ടും സബ് ഇൻസ്പെക്ടർമാർക്ക് കൈമാറാനുമുള്ള ഉന്നതതല സമിതിയുടെ ശുപാർശയ്ക്കെതിരെ സേനയ്ക്കുള്ളിൽ നിന്ന് തന്നെ കടുത്ത വിയോജിപ്പും ആശങ്കകളും ഉയരുന്നു. ഈ പുതിയ പരീക്ഷണം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് മുതിർന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നത്.
മുൻപ് എസ്ഐമാർ സ്റ്റേഷൻ ഭരിച്ചിരുന്ന കാലത്ത് കസ്റ്റഡി മർദന പരാതികൾ വ്യാപകമായിരുന്നു. 2016-17 കാലഘട്ടത്തിൽ ഇത് പരിധിവിട്ടപ്പോഴാണ് ഇൻസ്പെക്ടർമാരെ എസ്എച്ച്ഒമാരാക്കാൻ സർക്കാർ തീരുമാനിച്ചതും, അതിലൂടെ കസ്റ്റഡി പീഡനങ്ങൾ വലിയ അളവിൽ കുറയ്ക്കാനായതും. വീണ്ടും പഴയ രീതിയിലേക്ക് മടങ്ങുന്നത് ലോക്കപ്പുകളിൽ മൂന്നാംമുറ തിരിച്ചെത്തിക്കാൻ മാത്രമേ ഉപകരിക്കൂ എന്ന ഭീതി ഇപ്പോൾ ശക്തമാണ്.
പുതിയതായി നേരിട്ട് നിയമനം ലഭിക്കുന്ന, ഭരണപരമോ നിയമപരമോ ആയ പ്രായോഗിക പരിചയമില്ലാത്ത എസ്‌ഐമാർക്ക് പദവി നൽകുന്നത് ഭരണപരാജയത്തിന് കാരണമാകും. ദീർഘകാലമായി ജോലി ചെയ്യുന്നവർക്ക് സ്റ്റേഷൻ ചുമതല ലഭിക്കാതെ വരികയും, രാഷ്ട്രീയ സ്വാधീനമുള്ളവർ മാത്രം ലോക്കൽ പോസ്റ്റിംഗുകൾ നേടിയെടുക്കുകയും ചെയ്യുന്ന സാഹചര്യവും ഉണ്ടാകാം. ഇത് നിഷ്പക്ഷരായ ഉദ്യോഗസ്ഥരെ വല്ലാതെ ബാധിക്കും.
ആവശ്യത്തിന് അംഗബലമോ അടിസ്ഥാന സൗകര്യങ്ങളോ നൽകാതെ തുടങ്ങാൻ ഉദ്ദേശിക്കുന്ന പുതിയ പോക്സോ അന്വേഷണ ഡിവിഷനുകൾ, നിലവിലെ നാർക്കോട്ടിക് ഡിവൈഎസ്‌പി ഓഫീസുകൾ നേരിടുന്ന അതേ ദുരവസ്ഥയിലാകും. നിലവിലെ ഇൻസ്പെക്ടർ-എസ്എച്ച്ഒ സംവിധാനത്തിന്‍റെ പോരായ്മകൾ പരിഹരിക്കാൻ ഇൻസ്പെക്ടർമാരുടെ സ്ഥലമാറ്റ അധികാരം റേഞ്ച് ഡിഐജിമാർക്കോ ജില്ലാ എസ്പിമാർക്കോ നൽകിയാൽ മാത്രം മതിയാകുമെന്നാണ് പോലീസ് സേനയ്ക്കുള്ളിലെ പൊതുവായ അഭിപ്രായം.
ssf

