കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കൽ ഓൺലൈൻ വഴിയാക്കുന്നു
കുവൈത്ത് സിറ്റി : ഗാർഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കൽ ഒാൺലൈൻ വഴിയാക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നീക്കമാരംഭിച്ചു. ഇതിന്റെ ഭാഗമായി സപ്‌തംബറോടെ ഗാർഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കൽ പരീക്ഷണാടിസ്ഥാനത്തിൽ ഓൺലൈൻ വഴിയാക്കും. ഇത് വിജയകരമെന്നു കണ്ടാൽ അടുത്ത വർഷത്തോടെ ഗാർഹിക തൊഴിലാളികളടക്കം എല്ലാ വിദേശികളുടെയും ഇഖാമ പുതുക്കൽ ഓൺലൈൻ വഴിയാക്കും. പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിലെ ഐ.ടി വിഭാഗത്തിൽ പ്രോഗ്രാമിംങ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ആഭ്യന്തരമന്ത്രാലയത്തിന്റെ പൂർണ മേൽനോട്ടത്തിലാകും പദ്ധതി നടപ്പാക്കുക. ഇഖാമയുമായി ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളുടെയും സംവിധാനങ്ങൾ ആഭ്യന്തരമന്ത്രാലയവുമായി ബന്ധിപ്പിക്കും. ഇഖാമ പുതുക്കാൻ ഓൺലൈൻ വഴി അപേക്ഷ ലഭിച്ചാൽ തൊഴിൽ മന്ത്രാലയത്തിൽ നിന്നും ആരോഗ്യമന്ത്രാലയത്തിൽ നിന്നും കുറ്റാന്വേഷണ വിഭാഗത്തിൽ നിന്നും തൊഴിൽ മന്ത്രാലയത്തിൽനിന്നും അപേക്ഷകനെയും കുടുംബാംഗങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ താമസാനുമതികാര്യ വകുപ്പിനു ലഭ്യമാക്കും. ഇതിനായി താമസാനുമതി കാര്യവകുപ്പിനു ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി ബന്ധപ്പെടാൻ പ്രത്യേക പാസ്‌വേഡ് ഉണ്ടാകും.
നിയമപരമായി മറ്റു പ്രശ്നങ്ങൾ ഇല്ലെന്നു സുരക്ഷാവകുപ്പിൽനിന്നുള്ള അനുമതിയും ഓൺലൈൻ വഴി ഉറപ്പാക്കിയശേഷമാകും ഇഖാമ പുതുക്കുക. പുതുക്കിയ ഇഖാമ പാസ്പോർട്ടിൽ പതിക്കണോ, കാർഡ് സംവിധാനം മതിയോ എന്നതിനെക്കുറിച്ചു പഠനം നടത്തുന്നുണ്ട്. പാസ്പോർട്ടിൽ പതിക്കുന്ന രീതിയാണെങ്കിൽ ഇഖാമ പുതുക്കൽ നടപടികൾ പൂർത്തീകരിച്ചശേഷം താമസാനുമതികാര്യ ഓഫിസിൽ പാസ്പോർട്ട് എത്തിച്ചു സ്റ്റാന്പ് ചെയ്തു വാങ്ങേണ്ടിവരും.
കാർഡ് സംവിധാനമാണെങ്കിൽ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിക്കുന്ന കിയോസ്കുകൾ വഴി വിതരണം ചെയ്യാനുള്ള സാധ്യത പ്രയോജനപ്പെടുത്തും. ഇഖാമ പുതുക്കുന്നതിനുള്ള ഫീസ് ശേഖരണം ഏതു രീതിയിലാകണമെന്ന കാര്യവും ചർച്ച ചെയ്‌തുവരുന്നുണ്ട്. സമയവും അധ്വാനവും കുറയ്ക്കുക എന്നതാണ് ഓൺലൈൻ സംവിധാനം വഴി ലക്ഷ്യമിടുന്നത്. ആഭ്യന്തരമന്ത്രാലയത്തിലെ ജോലികൾ 2022 ആകുന്പോഴേക്കും കടലാസ് രഹിതമാക്കണമെന്ന പദ്ധതിയുമുണ്ട്.