പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി : നിര്‍ദ്ദേശം തള്ളി
കുവൈറ്റ് സിറ്റി : പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന പാര്‍ലമെന്റിന്‍റെ ഫിനാന്‍സ് കമ്മറ്റി അംഗികരിച്ച നിര്‍ദ്ദേശം പാര്‍ലമെന്റിന്‍റെ നിയമകാര്യ സമിതി തള്ളി. ഇതോടെ പ്രവാസികള്‍ ഏറെ ആശങ്കയോടെ കണ്ടിരുന്ന ഒരു നിയമ പരിഷ്കാരത്തിനാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്.
നികുതി ചുമത്തുന്നതിൽ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു നിർദേശം അംഗീകരിച്ചതെന്നാണ് ധനകാര്യ സമിതി ചെയർമാൻ അറിയിച്ചിരുന്നത്. എന്നാല്‍ ഇത് നിയമകാര്യ സമിതി അംഗീകരിച്ചില്ല. പ്രവാസികള്‍ അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തിയാല്‍ അത് താഴ്ന്ന വരുമാനമുള്ളവരെ സാരമായി ബാധിക്കുമെന്ന വാദം സമിതി അംഗീകരിക്കുകയും ചെയ്തു.
പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് മാത്രമെ നികുതി ചുമത്തുകയുള്ളുവെന്നും ഇതുവഴി രാജ്യത്തിന് ഒരു വര്‍ഷം 19 ബില്യന്‍ കുവൈത്ത് ദിനാർ വരുമാനം കൈവരിക്കാനാകുമെന്നുമായിരുന്നു ധനകാര്യ സമിതിയുടെ വിലയിരുത്തല്‍.
സമിതി അംഗീകരിച്ച നിർദേശപ്രകാരം 100 ദിനാറിൽ താഴെയുള്ള ഇടപാടിന് ഒരുശതമാനമായിരുന്നു നികുതി. 200ദിനാറിൽ താഴെയുള്ള ഇടപാടിന് രണ്ടുശതമാനവും 300ദിനാറിനു താഴെ മുന്നുശതമാനവും 400 ദിനാറിനു താഴെ നാലുശതമാനവും നികുതി നൽകേണ്ടിയിരുന്നു. 500 ദിനാറിനു മുകളിലുള്ള ഇടപാടിന് അഞ്ച് ശതമാനം നികുതിയായിരുന്നു നിർദേശിക്കപ്പെട്ടിട്ടുണ്ടായിരുന്നത്.
എന്നാല്‍ പാര്‍ലമെന്ററി ധനകാര്യ കമ്മറ്റി അംഗീകാരം നല്‍കിയതുകൊണ്ട് മാത്രം തീരുമാനം നടപ്പിലാക്കാന്‍ കഴിയില്ലായിരുന്നു. നിയമകാര്യ സമിതി ഈ റിപ്പോര്‍ട്ട് തള്ളിയതോടുകൂടി ഇത് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള സാധ്യത പോലും അടഞ്ഞിരിക്കുകയാണ്. പാര്‍ലമെന്റ് പാസാക്കി മന്ത്രിസഭാ അംഗീകരിച്ച് അമീര്‍ വിജ്ഞാപനം ഇറക്കിയാല്‍ മാത്രമേ ഈ നിയമം പ്രാബല്യത്തില്‍ ആവുകയുള്ളൂ.

