ജനക്ഷേമമല്ല, കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് മുൻഗണന; ബജറ്റിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ


ഷീബ വിജയൻ

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് തീർത്തും നിരാശാജനകവും വികസന മുരടിപ്പിന് വഴിവെക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. കേരളത്തിന്റെ ഭാവി വികസനത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടോ, സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുള്ള ഒരു ബ്ലൂ പ്രിന്റോ ഈ ബജറ്റിലില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനം വലിയൊരു സാമ്പത്തിക അപകടാവസ്ഥയിലാണെന്ന തരത്തിലാണ് ബജറ്റ് ആമുഖത്തിലും മുഖ്യമന്ത്രിയുടെ പ്രസംഗത്തിലും അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇത് വെറും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആക്ഷേപം മാത്രമാണ്. എൽ.ഡി.എഫ് സർക്കാർ അധികാരമൊഴിയുമ്പോൾ ട്രഷറിയിൽ 6,000 കോടി രൂപയോളം നീക്കിയിരുപ്പ് ഉണ്ടായിരുന്നു. വരവിലുണ്ടാകുന്ന വർധനവ് മറച്ചുവെച്ച് ബാധ്യതകളെ പെരുപ്പിച്ച് കാട്ടി ജനങ്ങളെ ഭയപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. കേന്ദ്രസർക്കാറിന്റെ കേരളത്തോടുള്ള അവഗണനയും അതുമൂലം ഉണ്ടാകുന്ന ധനനഷ്ടവും ഈ ബജറ്റ് അഭിസംബോധന ചെയ്യുന്നില്ല. ഇതൊക്കെ കണ്ടില്ലെന്ന് നടിക്കുന്നതിലെ രാഷ്ട്രീയം ജനങ്ങൾ ശ്രദ്ധിക്കണം. മുൻ സർക്കാരിനെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നതും സർക്കാരിന്റെ സ്വാഭാവിക ബാധ്യതകളെ പെരുപ്പിച്ചു കാട്ടുന്നതും ഇതേ രാഷ്ട്രീയത്തിന്റെ ഭാഗമാണ്.

എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ പല വികസന പദ്ധതികളും വെട്ടിക്കുറക്കുകയും അവയുടെ പേര് മാറ്റി പുതിയ പദ്ധതികളായി അവതരിപ്പിക്കുകയുമാണ് സർക്കാർ ചെയ്തിരിക്കുന്നത്. നവകേരളം എന്ന സ്വപ്നത്തെ സർക്കാർ കൈവിട്ടു. ബജറ്റ് ജനക്ഷേമകരമല്ലെന്നും മറിച്ച് കോർപറേറ്റ് താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതാണെന്നും വ്യക്തമാണ്. കേരളത്തിന്റെ തീരദേശത്തെയും ധാതു സമ്പത്തിനെയും സ്വകാര്യ കുത്തകകൾക്ക് തീറെഴുതിക്കൊടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. മാരിടൈം പോളിസി ഇതിന്റെ ഭാഗമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മൈനർ ധാതു ഖനനമുൾപ്പടെ സ്വകാര്യ മേഖലക്ക് തുറന്നു കൊടുക്കുന്നതാണ് കേന്ദ്രനയം, അതേ നയം തന്നെയാണ് യു.ഡി.എഫ് സർക്കാരും പിന്തുടരുന്നത്. എൽ.ഡി.എഫ് മുന്നോട്ടുവച്ച നയം അട്ടിമറിച്ചാണ് സ്വകാര്യവൽക്കരണ നീക്കം ബജറ്റിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. ഭൂപരിഷ്കരണ നിയമം പൊളിച്ചെഴുതാനുള്ള തീരുമാനം ഗൗരവതരമാണ്. സ്വകാര്യ കമ്പനികൾക്ക് മദ്യ ഉൽപാദനത്തിന് അവസരം നൽകുന്നതിലൂടെ വൻകിടക്കാർക്ക് ഗുണകരമാകുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ലൈഫ് പദ്ധതി അട്ടിമറിക്കാനാണ് സർക്കാർ നീക്കം. മത്സ്യത്തൊഴിലാളികൾക്കായി പ്രഖ്യാപിച്ച ഭവന പദ്ധതി പുതിയതൊന്നുമല്ല, നേരത്തെയുള്ള പദ്ധതി തന്നെയാണ്. 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചെങ്കിലും അതിനായി വെറും 10 കോടി രൂപ മാത്രമാണ് മാറ്റിവെച്ചിരിക്കുന്നത്, ഇത് വെറും പ്രഹസനമാണ്. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തെക്കുറിച്ച് ബജറ്റിൽ ഒരക്ഷരം പോലും പരാമർശമില്ലാത്തത് നിർഭാഗ്യകരമാണ്. സർക്കാർ കേന്ദ്രനയങ്ങളെ അന്ധമായി പിന്തുടരുകയാണെന്നും, കിഫ്ബി പോലുള്ള വികസന മാതൃകകളെ തകർക്കാൻ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

article-image

eqwdewdswqeqw

You might also like

  • Lulu Exchange
  • Straight Forward

Most Viewed