സിനിമയെ വ്യവസായമാക്കിയ സർക്കാരിന് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് മോഹൻലാലും പൃഥ്വിരാജും
ഷീബ വിജയൻ
തിരുവനന്തപുരം: വായനാദിനത്തിൽ സംസ്ഥാന നിയമസഭയിൽ ചരിത്രപരമായ ഒട്ടനവധി പ്രഖ്യാപനങ്ങളുമായി യു.ഡി.എഫ് സർക്കാരിന്റെ കന്നി ബജറ്റ് മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ചു. പുതിയ ബജറ്റിൽ സിനിമാ മേഖലയ്ക്കായി പ്രഖ്യാപിച്ച വിപ്ലവകരമായ തീരുമാനങ്ങളെ സന്തോഷപൂർവ്വം സ്വാഗതം ചെയ്ത് സൂപ്പർതാരങ്ങളായ മോഹൻലാലും പൃഥ്വിരാജും രംഗത്തെത്തി. പുതിയ ബജറ്റില്‍, സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്‍റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. ഈ തീരുമാനം സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണെന്നും ആയിരക്കണക്കിന് സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന ഈ പ്രഖ്യാപനത്തിന് മുന്‍കൈയെടുത്ത മുഖ്യമന്ത്രി ശ്രീ വി.ഡി സതീശനും, സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ പി സി വിഷ്ണുനാഥിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളസിനിമയുടെ സ്രഷ്ടാവ് എന്നുതന്നെ വിളിക്കാവുന്ന ശ്രീ. ജെ.സി. ഡാനിയേലിന്റെ പേരിൽ കൊച്ചിയിൽ ഫിലിംസിറ്റി സ്ഥാപിക്കുമെന്നും സിനിമയെ വ്യവസായമാക്കുമെന്നുമുള്ള സർക്കാരിന്റെ വാക്ക് 'സെല്ലുലോയ്ഡി'നെ തൊട്ടുനില്ക്കുന്ന ഒരാളെന്ന നിലയിൽ സന്തോഷവും അഭിമാനവും ആത്മവിശ്വാസവും നൽകുന്നുവെന്ന് പൃഥ്വിരാജ് കുറിച്ചു. സിനിമ മേഖലയ്ക്ക് വലിയൊരു രക്ഷാകവചമാകുന്ന ആന്റി പൈറസി സെൽ രൂപവത്കരിക്കുമെന്ന പ്രഖ്യാപനവും അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദിയെന്നതുൾപ്പെടെ സിനിമയ്ക്ക് നൽകിയ മറ്റ് സമ്മാനങ്ങളും വിലപ്പെട്ടതാണെന്ന് ചൂണ്ടിക്കാണിച്ച പൃഥ്വിരാജ്, സർക്കാരിനും മുഖ്യമന്ത്രി വി.ഡി. സതീശനും സിനിമാമന്ത്രി പി.സി. വിഷ്ണുനാഥിനും തന്റെ നന്ദി രേഖപ്പെടുത്തി.
സിനിമാ മേഖലയിലെ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വനിതാ സിനിമാ പ്രവർത്തകർക്കുള്ള സഹായധനം 1.5 കോടി രൂപയിൽ നിന്ന് 7 കോടി രൂപയായി ബജറ്റിൽ ഉയർത്തിയിട്ടുണ്ട്. കൂടാതെ പ്രശസ്ത നടൻ സലിം കുമാറിന്റെ കലാജീവിതത്തിനുള്ള അംഗീകാരമായി എറണാകുളത്ത് സ്മാരകം നിർമിക്കാൻ 1 കോടി രൂപ വകയിരുത്തി. ലോകം ഡിജിറ്റൽ സംസ്കാരത്തിന്റെ സ്വാധീനവലയത്തിലായതോടെ ഭീഷണി നേരിടുന്ന കേരളത്തിന്റെ തനത് കലാ സാംസ്കാരിക മേഖലയെ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി പ്രശസ്ത എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെ പേരിൽ കോഴിക്കോട് കൾച്ചറൽ പാർക്ക് നിർമിക്കാൻ 50 കോടി രൂപ അനുവദിച്ചു. ഇവിടെ കഥകളി, കൂത്ത്, തുള്ളൽ, ഒപ്പന, തെയ്യം, മാപ്പിളപ്പാട്ട്, മാർഗംകളി, അയിനിപാട്ട്, ഗോത്ര കലാരൂപങ്ങൾ എന്നിവ അവതരിപ്പിക്കുന്നതിനുള്ള വിപുലമായ സൗകര്യങ്ങൾ ഉണ്ടായിരിക്കും.
dedseqweqweweww

