സംസ്ഥാന ബജറ്റ്: സ്വപ്നപദ്ധതികളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ; കേരളത്തെ തുറമുഖ നഗരമാക്കും
ഷീബ വിജയൻ
മുഖ്യമന്ത്രി വി.ഡി. സതീശന്റെ കന്നി ബജറ്റിൽ കേരളത്തിന്റെ വികസന കുതിപ്പിന് വേഗം കൂട്ടുന്ന ഒട്ടനവധി സ്വപ്നപദ്ധതികൾ ഇടംനേടി. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി തുറന്നുസമ്മതിച്ചുകൊണ്ടാണ് അദ്ദേഹം ബജറ്റ് അവതരണം ആരംഭിച്ചത്. ധവളപത്രത്തിലെ കണക്കുകൾ നിരത്തി മുൻ സർക്കാരിന്റെ കാലത്തെ സാമ്പത്തിക അസന്തുലിതാവസ്ഥകൾ ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, കിഫ്ബി പദ്ധതികൾ വലിയ സാമ്പത്തിക ബാധ്യതയും അസന്തുലിതാവസ്ഥയും സൃഷ്ടിച്ചെന്ന് വിമർശിച്ചു. കിഫ്ബിയുടെ പ്രവർത്തനങ്ങൾ പഠിക്കാൻ പ്രത്യേക വിദഗ്ധ സമിതി രൂപവത്കരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വാർഷിക പദ്ധതി അടങ്കലിൽ ആനുപാതികമായ കുറവ് വരുത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ 35,000 കോടി രൂപയാണ് വാർഷിക അടങ്കലായി നിശ്ചയിച്ചിരുന്നത്. മുൻ ബജറ്റുകളിൽ കേന്ദ്ര വിഹിതം തെറ്റായി കണക്കാക്കിയതിലൂടെ 20,500 കോടി രൂപയുടെ കുറവുണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സംസ്ഥാനത്തിന്റെ വരവ്-ചെലവ് കണക്കുകളെ പ്രതികൂലമായി ബാധിക്കും. എന്നാൽ ഈ കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സാധാരണക്കാർക്ക് ആശ്വാസം പകരുന്ന സൗജന്യ യാത്രയും, ആശാ വർക്കർമാരുടെ ഓണറേറിയം വർധനവും സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ട്. അടുത്ത അഞ്ച് വർഷം സംസ്ഥാനത്ത് നടപ്പിലാക്കാൻ പോകുന്ന വികസന പ്രവർത്തനങ്ങളുടെ ദിശാസൂചികയായിരിക്കും ഈ ബജറ്റെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തെ തുറമുഖ നഗരമാക്കാനും തീരദേശ വികസനവും ലക്ഷ്യമിട്ട് കേരള മാരിടൈം നയത്തിന് രൂപംനൽകുമെന്ന് സതീശൻ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി മിഷൻ സമുദ്ര പദ്ധതിക്ക് 400 കോടി രൂപ വകയിരുത്തി. വിഴിഞ്ഞത്ത് കപ്പൽ നിർമാണ കേന്ദ്രം, കൊല്ലം, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളുടെ വികസനം എന്നിവ ഇതിന്റെ ഭാഗമായി നടപ്പിലാക്കും. വിഴിഞ്ഞത്ത് വിവിധ വികസനപദ്ധതികൾ നടപ്പാക്കി കേരളത്തിന്റെ മുഖമായി ഉയർത്തിക്കൊണ്ടുവരുന്നതിനൊപ്പം 50 കോടി രൂപ ചെലവിൽ അന്തർദേശീയ മാരിടൈം മ്യൂസിയം സ്ഥാപിക്കും. ജലസ്രോതസ്സുകൾ സംയോജിപ്പിച്ച് ഒരു മാരിടൈം സമ്പദ്‍വ്യവസ്ഥയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
dsfadfsdfsdfsa

