ഷൊർണൂർ-മംഗളൂരു പാതയിൽ വേഗത 130 കി.മീറ്ററാകുന്നു; മലബാറിലെ റെയിൽ യാത്രയ്ക്ക് ഇനി സൂപ്പർ വേഗം
ഷീബ വിജയൻ
പാലക്കാട്: കേരളത്തിലെ ഏറ്റവും തിരക്കേറിയ വടക്കൻ റെയിൽ കോറിഡോറിലെ ട്രെയിൻ യാത്രകൾ ഇനി കൂടുതൽ വേഗമേറിയതും കാര്യക്ഷമവുമാകും. ഷൊർണൂർ-മംഗളൂരു പാതയിലെ ട്രെയിനുകളുടെ പരമാവധി വേഗത നിലവിലുള്ള 110 കിലോമീറ്ററിൽ നിന്നും 130 കിലോമീറ്ററായി ഉയർത്തുന്നതിനുള്ള നിർണ്ണായകമായ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുമായി പാലക്കാട് റെയിൽവേ ഡിവിഷൻ മുന്നോട്ട് പോകുകയാണ്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഈ ലക്ഷ്യം പൂർണ്ണമായി കൈവരിക്കാനാകുമെന്നാണ് റെയിൽവേ അധികൃതർ പ്രതീക്ഷിക്കുന്നത്.
നിലവിലെ പാതകളുടെ ശേഷി വർദ്ധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി ഷൊർണൂർ-മംഗളൂരു റൂട്ടിൽ ആറ് പുതിയ ലൂപ്പ് ലൈനുകളും നാല് ഹോൾഡിങ് യാർഡുകളും റെയിൽവേ നിർമ്മിച്ചുവരികയാണ്. ട്രെയിനുകൾ കൈകാര്യം ചെയ്യാനുള്ള ശേഷി മെച്ചപ്പെടുത്തുക, ഒരേസമയം ഒന്നിലധികം ട്രെയിനുകൾക്ക് കടന്നുപോകാനുള്ള ക്രോസിങ് സൗകര്യം ഒരുക്കുക, മറ്റ് ട്രെയിനുകളെ മറികടന്ന് പോകാൻ (ഓവർടേക്കിങ്) സഹായിക്കുക എന്നിവയാണ് ഈ വികസനം കൊണ്ട് ലക്ഷ്യമിടുന്നത്. ഇതിലൂടെ പാതയിലെ ട്രെയിനുകളുടെ പരമാവധി വേഗത 130 കിലോമീറ്ററായി ഉയർത്താൻ സാധിക്കും.
ദക്ഷിണ റെയിൽവേ ഈ റൂട്ടിൽ വിപുലമായ ട്രാക്ക് നവീകരണവും ആധുനിക സിഗ്നലിങ് സംവിധാനങ്ങളും അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങളുമാണ് ഒരുക്കുന്നത്. ഇതിലൂടെ ട്രെയിനുകളുടെ സമയനിഷ്ഠ പൂർണ്ണമായി ഉറപ്പാക്കാൻ സാധിക്കും. വേഗത വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭൂരിഭാഗവും ഇതിനകം തന്നെ പൂർത്തിയായിക്കഴിഞ്ഞു. കൂടുതൽ ലൂപ്പ് ലൈനുകളും ഹോൾഡിങ് യാർഡുകളും യാഥാർത്ഥ്യമാകുന്നതോടെ ഈ പാതയ്ക്ക് കൂടുതൽ യാത്രാ-ചരക്ക് ട്രെയിൻ സർവീസുകളെ ഉൾക്കൊള്ളാൻ സാധിക്കും. ഇതിൽ എടക്കാട് റെയിൽവേ സ്റ്റേഷനിലെ ലൂപ്പ് ലൈൻ നിർമ്മാണത്തിന് ഇതിനകം അനുമതി ലഭിച്ചിട്ടുണ്ടെന്നും മറ്റ് അഞ്ച് സ്ഥലങ്ങളിലെ ലൂപ്പ് ലൈനുകൾക്ക് ഉടൻ തന്നെ അനുമതി ലഭ്യമാകുമെന്നും പാലക്കാട് ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
xzsxzasasas

