സ്വകാര്യ ബസ് നികുതി പകുതിയായി കുറച്ചു; ടൂറിസ്റ്റ് ബസുകൾക്കും വൻ ഇളവുകളുമായി ബജറ്റ് പ്രഖ്യാപനം


ഷീബ വിജയൻ

തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതിയെ തുടര്‍ന്ന് കനത്ത പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ള സുപ്രധാന പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്. പ്രൈവറ്റ് മേഖലയില്‍ സര്‍വീസ് നടത്തുന്ന സ്റ്റേജ് ക്യാരേജ് ബസുകള്‍ക്ക് വലിയ ആശ്വാസമേകി അവയുടെ ത്രൈമാസ നികുതിയില്‍ 50 ശതമാനം ഇളവ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ബജറ്റ് പ്രസംഗത്തിലൂടെ പ്രഖ്യാപിച്ചു. കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സ്വകാര്യ ബസ് ഉടമകള്‍ക്ക് ഈ തീരുമാനം ഏറെ ഗുണകരമാകും.

ഇതോടൊപ്പം തന്നെ കേരളത്തില്‍ രജിസ്‌ട്രേഷനായി കൂടുതല്‍ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് ബസുകള്‍ ആകര്‍ഷിക്കുന്നതിനും അന്തര്‍ സംസ്ഥാന യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ബസുകളുടെ ത്രൈമാസ നികുതിയും സര്‍ക്കാര്‍ വന്‍തോതില്‍ കുറച്ചിട്ടുണ്ട്. ടൂറിസ്റ്റ് ബസുകളില്‍ നിലവിലുള്ള സീറ്റ് ഒന്നിന് 2000 രൂപ എന്ന നിരക്ക് പകുതിയിലധികം വെട്ടിക്കുറച്ച് 900 രൂപയായി നിശ്ചയിച്ചു. സ്ലീപ്പര്‍ ബസുകളുടെ കാര്യത്തില്‍ സീറ്റ് ഒന്നിന് 3000 രൂപയായിരുന്ന നിലവിലെ നികുതി നിരക്ക് 1500 രൂപയായി കുറയ്ക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍ സഭയെ അറിയിച്ചു.

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന നികുതി നിരക്ക് പുതുതായി ക്രമീകരിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം അനുവദിക്കുന്നതിനായി 2022-23 ലെ അബ്കാരി നയത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിദേശ മദ്യ ചട്ടങ്ങളില്‍ ആവശ്യമായ ഭേഗതികള്‍ വരുത്തിയിരുന്നു. ഇതേതുടര്‍ന്ന് 0.5 ശതമാനം മുതല്‍ 20 ശതമാനം വരെ ആല്‍ക്കഹോള്‍ വീര്യമുള്ള ബിയറും വൈനും ഒഴികെയുള്ള മറ്റ് ഉല്‍പ്പന്നങ്ങളെ 'ലോ ആല്‍ക്കഹോളിക് ബിവറേജ്' എന്നൊരു പ്രത്യേക വിഭാഗമായി നിലവില്‍ പരിഗണിച്ചിട്ടുണ്ട്. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മദ്യ ഉല്‍പ്പന്നങ്ങളുടെ ഘടനയില്‍ കൃത്യമായ വ്യക്തത വരുത്തുന്നതിനായി അവയ്ക്ക് അനുയോജ്യമായ വില്‍പ്പന നികുതി നിരക്ക് കേരള പൊതുവില്‍പ്പന നികുതി നിയമം പ്രകാരം നിശ്ചയിക്കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍, പത്തു ശതമാനം വരെ മാത്രം വീര്യമുള്ള മദ്യത്തിന്റെ വില്‍പ്പന നികുതി നിരക്ക് 125 ശതമാനമായും, 10 ശതമാനം മുതല്‍ 20 ശതമാനം വരെ വീര്യമുള്ള മദ്യത്തിന്റെ വില്‍പ്പന നികുതി നിരക്ക് 175 ശതമാനമായും ക്രമീകരിച്ച് നിശ്ചയിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രഖ്യാപിച്ചു.

article-image

dfsdfsdfsdesqwaes

You might also like

  • Lulu Exchange
  • Straight Forward

Most Viewed