മെഡിസെപ് പരിഷ്കരിക്കും, പങ്കാളിത്ത പെൻഷനിൽ മാറ്റം; സർക്കാർ ജീവനക്കാർക്ക് 'വിസ്മയ'മില്ലാതെ ബജറ്റ്
ഷീബ വിജയൻ
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ വിസ്മയങ്ങളോ കാര്യമായ പ്രഖ്യാപനങ്ങളോ ഇല്ലാതെ വി.ഡി. സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു. എങ്കിലും ജീവനക്കാരുടെ പ്രധാന ആവശ്യങ്ങളിൽ ചിലതിന് ബജറ്റിൽ മറുപടിയുണ്ട്. ജീവനക്കാരുടെ നിലവിലുള്ള മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് (MEDISEP) സമഗ്രമായി പരിഷ്കരിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ വലിയ അപാകതകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, പങ്കാളിത്ത പെൻഷനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും പ്രഖ്യാപിച്ചു. ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യത്തിൽ വരുംദിവസങ്ങളിൽ ഉചിതമായ തീരുമാനം എടുക്കുമെന്നും, ജീവനക്കാരുടെ ക്ഷാമബത്ത (ഡി.എ), പെൻഷൻകാരുടെ ഡി.ആർ എന്നിവ ഇനിമുതൽ മുടക്കമില്ലാതെ കൃത്യമായി നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. എന്നാൽ ജീവനക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ ശമ്പള പരിഷ്കരണ കമ്മീഷനെക്കുറിച്ചോ, വിരമിക്കൽ പ്രായം ഉയർത്തുന്നതിനെക്കുറിച്ചോ ബജറ്റിൽ യാതൊരു പരാമർശവും ഉണ്ടായില്ല. ഇതോടൊപ്പം ഡി.എ കുടിശ്ശികയുടെ മുൻകാല പ്രാബല്യം തീർപ്പാക്കുന്നതിനെക്കുറിച്ചും ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി പരാമർശിച്ചില്ല.
cvdsdsds

