തൊഴിലാളി ക്ഷേമം : കുവൈത്ത് ഫിലിപ്പീൻസുമായി കരാർ ഒപ്പുവെച്ചു
കുവൈത്ത് സിറ്റി : ഗാർഹിക തൊഴിലാളികൾക്ക് കൂടുതൽ മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം ലഭ്യമാക്കുന്ന കരാറിൽ ഫിലിപ്പീൻസും കുവൈത്തും ഒപ്പിട്ടു. കുവൈത്ത് ഉന്നതതല സംഘത്തിന്റെ ഫിലിപ്പീൻസ് സന്ദർശനത്തിനിടെയാണ് കരാറിൽ ഒപ്പുവച്ചത്. പുതിയ കരാറിൽ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾക്കു പരിരക്ഷ ഏർപ്പെടുത്തുന്നുണ്ടെന്നു കുവൈത്ത് വിദേശകാര്യമന്ത്രാലയം അണ്ടർ സെക്രട്ടറി അറിയിച്ചു.
രാജ്യത്തേക്കു ഫിലിപ്പീൻസിൽനിന്നുള്ള വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റിന് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കണമെന്നു പ്രതിനിധി സംഘം അഭ്യർത്ഥിച്ചു. പാസ്പോർട്ട് സൂക്ഷിക്കാനുള്ള അധികാരം തൊഴിലുടമകൾക്ക് ഇല്ലെന്നും തൊഴിലാളികൾക്കു സ്വന്തം പാസ്പോർട്ട് സൂക്ഷിക്കാമെന്നും വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി സമി അൽ ഹമദ് വ്യക്തമാക്കി.
തൊഴിലാളികൾക്കു നിശ്ചിത ശന്പളവും അവകാശങ്ങളും ഉറപ്പു വരുത്താൻ ഫിലിപ്പീൻസ് നേരത്തെ തന്നെ നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചിരുന്നു. ഇത് സംബന്ധിച്ച ചർച്ചകൾ മനിലയിൽ നടന്നിരുന്നു. മാസം 120 ദിനാർ മിനിമം വേതനം, ദിവസം എട്ടുമണിക്കൂർ വിശ്രമം, തൊഴിലാളികൾക്കു മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദം, പാസ്പോർട്ട് സ്പോൺസർ പിടിച്ചുവയ്ക്കില്ലെന്ന ഉറപ്പ്, ഒരു സ്പോൺസർക്ക് കീഴിൽ മാത്രം ജോലി തുടങ്ങിയ വ്യവസ്ഥകളാണു ഫിലിപ്പീൻസ് മുന്നോട്ടുവച്ചിരുന്നത്.
ശന്പളം നേരിട്ടു ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിൽപീഡനമുണ്ടായാൽ കുവൈത്ത് അധികൃതർക്കു പരാതി നൽകാൻ സംവിധാനം, സ്പോൺസർമാർ വ്യാജ പരാതി നൽകുന്നതു തടയാനുള്ള വ്യവസ്ഥകൾ എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആരോപണവിധേയരാകുന്ന സ്പോൺസർമാർക്ക് തൊഴിലാളികളെ വീണ്ടും ലഭ്യമാക്കരുതെന്നും നിർദ്ദേശമുണ്ടായിരുന്നു.
വ്യവസ്ഥകൾ നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താൻ സംവിധാനം വേണമെന്നം ഫിലിപ്പീൻസ് അധികൃതർ ആവശ്യപ്പെട്ടിരുന്നു. കുവൈത്തിൽ ഫിലിപ്പീൻസ് തൊഴിലാളികൾ പീഡിപ്പിക്കപ്പെടുന്നതായ റിപ്പോർട്ടുകളെത്തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഫിലിപ്പീൻസ് ഗാർഹികത്തൊഴിലാളി ജൊവാന ഡാനിയേലയുടെ മൃതദേഹം കുവൈത്തിലെ അപ്പാർട്ട്മെന്റിലെ ഫ്രീസറിൽനിന്നു ലഭിച്ചതോടെ തൊഴിലാളികളെ അയയ്ക്കുന്നതു നിർത്തുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.

