ഐ.എസ് വിരുദ്ധ സഖ്യം; ഉന്നതതല യോഗം കുവൈത്തിൽ നടക്കും
കുവൈത്ത് സിറ്റി : ഐ.എസ്സിനെതിരെ അന്താരാഷ്ട്ര സഖ്യകക്ഷികളുടെ അടുത്ത ഉന്നതതല യോഗം കുവൈത്തിൽ നടക്കും. ഫെബ്രുവരി 13നാണ് യോഗം. വിവിധ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ പങ്കെടുക്കുന്ന യോഗത്തിനാണ് കുവൈത്ത് വേദിയാകുന്നതെന്ന് ഡെപ്യൂട്ടി വിദേശകാര്യമന്ത്രി ഖാലിദ് അൽ ജാറള്ളാഹ് വ്യക്തമാക്കി. ഉന്നതതല യോഗം ഫലപ്രദമായിരിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
ഐ.എസ്സിനെതിരെ സിറിയയിലും ഇറാഖിലും സഖ്യസേനയുടെ നേട്ടങ്ങൾ പ്രശംസനീയമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശാന്തിയും സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ എല്ലാ രാജ്യങ്ങളുടെയും കൂടുതൽ സഹകരണം ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തീവ്രവാദ ത്തിനെതിരെയുള്ള പോരാട്ടത്തിൽ അമേരിക്കയുടെ നേതൃത്വത്തിൽ 74 രാജ്യങ്ങളിൽ നിന്നുള്ള ശക്തരായ സൈനിക വ്യൂഹങ്ങളാണ് പങ്കെടുക്കുന്നത്. തീവ്രവാദികളുമായുള്ള പോരാട്ടത്തിൽ തകർന്ന ഇറാഖിന്റെ പുനഃരുദ്ധാരണത്തിന് അടുത്ത മാസം 12 മുതൽ 14 വരെ കുവൈത്തിൽ ഇറാഖ് സഹായ ഉച്ചകോടിയും സംഘടിപ്പിക്കുന്നുണ്ട്.
70 രാജ്യങ്ങളിലെ പ്രതിനിധികളാവും ഉച്ചകോടിയിൽ പങ്കെടുക്കുന്നതെന്ന് ഇറാഖ് സംഘം മേധാവിയുമായ മഹ്ദി അൽ അല്ലാഖ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

