സ്വദേശി വനിതകൾ ജോലി ഉപേക്ഷിക്കാതിരിക്കാൻ പുതിയ പദ്ധതികളുമായി സൗദി അറേബ്യ
റിയാദ് : രാജ്യത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി വനിതകൾ ജോലി ഉപേക്ഷിക്കാതിരിക്കാൻ പദ്ധതിയുമായി സൗദി സർക്കാർ. ഖുറ എന്ന പേരിലാണ് സ്വകാര്യ മേഖലയിലെ തൊഴിലുകൾ സ്വീകരിക്കുന്നതിനും ജോലിയിൽ ഉറച്ചുനിൽക്കുന്നതിനും സൗദി വനിതകളെ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് സർക്കാർ പദ്ധതി നടപ്പാക്കുന്നത്.
സ്വകാര്യ മേഖലയിലെ ജോലികൾ സ്വീകരിക്കുന്നതിന് സൗദി വനിതകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി തൊഴിൽ വിപണിയിൽ വനിതാ പങ്കാളിത്തം ഉയർത്തുന്നതിനും വനിതകൾക്ക് തൊഴിൽ സുരക്ഷ ഉറപ്പു വരുത്തുന്നതിനും സഹായിക്കും. ശിശുപരിചരണ കേന്ദ്രങ്ങളുടെ എണ്ണം ഉയർത്തുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും പദ്ധതി സഹായിക്കും.
ഇതിന്റെ ഭാഗമായി ആരംഭിച്ച ഗതാഗത, ശിശുപരിചരണ സഹായ പദ്ധതികളിൽ 18,500 ലേറെ പേർ രജിസ്റ്റർ ചെയ്തതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സൗദി വനിതകളുടെ ചെറിയ കുട്ടികളെ തൊഴിൽ സമയത്ത് ശിശുപരിചരണ കേന്ദ്രങ്ങളുടെ സംരക്ഷണത്തിൽ ഏൽപ്‍പിക്കുന്നതിനുള്ള പദ്ധതിയിൽ 7687 വനിതകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്.
ഒരു കുട്ടിയെ ശിശുപരിചരണകേന്ദ്രത്തിൽ ആക്കുന്നതിന് മാസത്തിൽ പരമാവധി 800 റിയാൽ വരെയാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവ ശേഷി വികസന നിധി വഹിക്കുക. ഫീസിന്റെ 80 ശതമാനം വരെ നിധി വഹിക്കും. അവശേഷിക്കുന്ന 20 ശതമാനം പദ്ധതി ഗുണഭോക്താക്കൾ വഹിക്കണം. കുഞ്ഞിന് നാലു വയസ്സ് ആകുന്നതു വരെയാണ് പദ്ധതി വഴി ധനസഹായം നൽകുക. പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് വനിതാ ജീവനക്കാർ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്യപ്പെ ട്ടവരായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. സൗദിയിലെ എല്ലാ പ്രവിശ്യകളിലുള്ളവർക്കും പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് സാധിക്കുമെന്നും ഖാലിദ് അബൽ ഖൈൽ പറഞ്ഞു.
സ്വകാര്യ മേഖലയിലെ വനിതാ ജീവനക്കാർക്ക് ഗതാഗത സഹായം നൽകുന്ന പദ്ധതിയിൽ 11,175 പേർ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. താമസ സ്ഥലങ്ങളിൽ നിന്ന് തൊഴിൽ സ്ഥലങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്ക് സ്വകാര്യ മേഖലാ ജീവനക്കാരികൾ നേരിടുന്ന വെല്ലുവിളികൾക്കുള്ള പരിഹാരമെന്നോണമാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. സുരക്ഷിതവും ഉയർന്ന ഗുണമേന്മയുമുള്ള യാത്രാ സേവനം വനിതാ ജീവനക്കാർക്ക് പദ്ധതി ലക്ഷ്യമാക്കും.
ഗുണഭോക്താക്കളുടെ ഗതാഗത ചെലവിന്റെ 80 ശതമാനം വരെയാണ് മാനവ ശേഷി വികസന നിധി വഹിക്കുക. സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ ജീവനക്കാരികൾക്ക് നൽകുന്ന ഗതാഗത അലവൻസും മാനവ ശേഷി വികസന നിധി നടപ്പാക്കുന്ന ഗതാഗത സഹായ പദ്ധതിയും തമ്മിൽ ബന്ധമില്ല. പദ്ധതികൾ പ്രയോജനപ്പെടുത്തുന്നതിന് ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യണമെന്ന് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദി വനിതകളോട് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് ആവശ്യപ്പെട്ടു.

