വിദേശ നഴ്സിംഗ് റിക്രൂട്ട്മെന്റ് ക്രമക്കേട്: കുവൈത്ത് മുൻ ആരോഗ്യ മന്ത്രിയെ വിചാരണ ചെയ്യാൻ ശുപാർശ
കുവൈത്ത് സിറ്റി: വിദേശ നഴ്സിംഗ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് മുൻ ആരോഗ്യമന്ത്രിയെ വിചാരണയ്ക്കു വിധേയമാക്കണമെന്ന് ആരോഗ്യമന്ത്രാലയത്തിലെ അഴിമതി ആരോപണങ്ങളെക്കുറിച്ചും ഭരണപരമായ ക്രമക്കേടുകളെ സംബന്ധിച്ചും അന്വേഷിക്കുന്ന കമ്മിറ്റി ശുപാർശ ചെയ്‌തു. ഇന്ത്യയിൽ നിന്നുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ടു കോടിക്കണക്കിനു ദിനാർ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടർന്നാണ് കമ്മിറ്റി ശുപാർശ.
2013നും 2017നുമിടയിൽ നഴ്സിംഗ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട മന്ത്രാലയം മുൻ അണ്ടർ സെക്രട്ടറി, നഴ്സിംഗ് സർവ്വീസസ് ഡയറക്ടർ, കരാർ ഒപ്പിട്ട കന്പനികളുടെ ഡയറക്ടർമാർ എന്നിവർക്കെതിരെയും നിയമനടപടി സ്വീകരിക്കാൻ ശുപാർശ ചെയ്‌തിട്ടുണ്ട്. അതുസംബന്ധിച്ച കേസ് പ്രോസിക്യൂഷനും അഴിമതി വിരുദ്ധ അതോറിറ്റിക്കും കൈമാറാനാണ് ശുപാർശയെന്നു കമ്മിറ്റി പ്രതിനിധി സാദൂൻ അൽ ഹമദ് എം.പി അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിലെ ഏഴു വിഷയങ്ങൾ അന്വേഷണത്തിനു വിടണമെന്നാണ് ശുപാർശ.
സ്വദേശികൾക്കു വിദേശ ചികിത്സാ സംവിധാനം ഒരുക്കുന്നതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ അണ്ടർ സെക്രട്ടറിക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും എതിരെയാണ് പ്രോസിക്യൂഷൻ നടപടി ശുപാർശ ചെയ്തിട്ടുള്ളത്. വിദേശങ്ങളിലെ ഹെൽത്ത് ഓഫീസുകളുമായി ബന്ധപ്പെട്ട പരാതികളിൽ മുൻ അണ്ടർ സെക്രട്ടറിക്കും ഫ്രാങ്ക്ർട്, വാഷിംങ്ടൺ എന്നിവിടങ്ങളിലെ ഹെൽത്ത് ഓഫീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണം. അദാൻ ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണം അന്വേഷിക്കുന്നതിനും കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.

