കുവൈത്തിൽ ഈ വർഷം ഗതാഗതത്തിനായി തുറക്കുന്നത് 62 റോഡുകൾ
കുവൈത്ത് സിറ്റി: രാജ്യത്ത് 62 റോഡുകൾ ഈ വർഷം ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് റോഡ് ഗതാഗത അതോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ ഹിസാൻ അറിയിച്ചു. രാജ്യം അനുഭവിക്കുന്ന ഗതാഗതക്കുരുക്കിന് അറുതി തേടിയാണ് പദ്ധതികൾ. രാജ്യത്തെ ഏറ്റവും വലിയ പാലമായ ഷെയ്ഖ് ജാബർ പാലം ഉദ്ഘാടനവും ഈ വർഷമുണ്ടാകും.
ഏറ്റവും വലിയ വികസന പദ്ധതിയാണ് ഷെയ്ഖ് ജാബർ പാലം കണക്കാക്കുന്നത്. പാലം യാഥാർഥ്യമാകുന്നതോടെ കുവൈത്ത് സിറ്റിയിൽനിന്ന് അൽ സാബിയ സിറ്റിയിലേക്ക് 36 കിലോമിറ്റർ മാത്രമാകും ദൂരം. പുതുതായി പണിയുന്ന സിറ്റിയാണ് അൽ സാബിയ. ഈ പാലത്തിൽ വിവിധയിടങ്ങളിൽ ഇന്റർസെക്‌ഷനുകളുമുണ്ട്.
ജഹ്‌റയ്ക്കും ജാബർ പാലത്തിനുമിടയിലുള്ള ഗസാലി പാലവും ഈ വർഷം തുറക്കും. ജഹ്‌റ റോഡിൽ എയർപോർട്ട് റോഡ് മുതൽ ടണൽ വരെ സർവ്വീസ് റോഡുകളുമുണ്ടാകും. ജഹ്‌റ റോഡിൽ യു.എൻ റൗണ്ട്എബൗട്ടിന് മുൻപായി ജഹ്‌റ ദിശയിൽ സർവീസ് റോഡുണ്ടാകും.
കാർ ഷോറൂമുകൾക്ക് സമീപത്തു നിന്ന് ആശുപത്രി മേഖലയിലേക്കും റോഡുണ്ടാകും. മുഹമ്മദ് ബിൻ ഖാസിം റൗണ്ട് എബൗട്ട്, ജമാൽ അബ്ദുന്നാസർ പാതയുടെ ദിശയിലേക്ക് എയർപോർട്ടിൽ നിന്ന് പാലം. ജഹ്‌റ പാലം, അൽ ഗസാലിയിൽ മെച്ചപ്പെടുത്തിയ റോഡ് തുടങ്ങിയവയും ഈ വർഷം തുറക്കും.

