സൗദിയിൽ വാഹനാപകടം: ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു
ജിദ്ദ: സൗദിയിലെ ജിസാനിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു. അമ്മയും ആറ് മക്കളുമാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കാർ, ട്രക്ക് ഡ്രൈവർമാരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ മൂന്നു പേർ പെൺകുട്ടികളാണ്. ആറു പേർ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു.
സാബിയ്യ-ഹറൂബ് റോഡിലെ അൽഖദ്‌മിയിൽ ഇന്നലെയായിരുന്നു അപകടം. എട്ടംഗ കുടുംബമായിരുന്നു കാറിലുണ്ടായിരുന്നത്. മൃതദേഹങ്ങൾ സാബിയ്യ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. കുണ്ടും കുഴികളും നിറഞ്ഞ ഇരുദിശ റോഡിൽ അപകടം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. ട്രക്കുകളും ടിപ്പറുകളും പതിവായി സഞ്ചരിക്കുന്ന റോഡിന്റെ ശോചനീയവസ്ഥ ഉടൻ മാറ്റണമെന്നും ട്രക്കുകളെ ഇൗ റൂട്ടിൽ നിന്ന് ഒഴിവാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
അപകടത്തെ തുടർന്നു ജിസാൻ മേഖലയിലെ ഗതാഗത ഡയറക്ടർ ജനറലിനെ ഗതാഗത വകുപ്പ് മന്ത്രി ഡോ. നബീൽ ആമൂദി പദവിയിൽ നിന്ന് നീക്കിയാതായി മന്ത്രാലയം ഔദ്യോഗിക വക്താവ് അറിയിച്ചു. റോഡിൽ സമയാസമയങ്ങളിൽ വേണ്ടുന്ന അറ്റകുറ്റപ്പണികൾ നടക്കാതിരുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥന്മാരെ അന്വേഷണത്തിന് വിധേയരാക്കുമെന്നും വാക്താവ് പറഞ്ഞു. ഇതു സംബന്ധിച്ച് സർക്കാർ ഔദ്യോഗിക പ്രസ്താവന ഇറക്കും.

