കഴിഞ്ഞ വർഷം കുവൈത്ത് നാടുകടത്തിയത് 9003 ഇന്ത്യക്കാരെ
കുവൈത്ത് സിറ്റി : കഴിഞ്ഞ വർഷം കുവൈത്ത് നാടുകടത്തിയത് 9003 ഇന്ത്യക്കാരെയെന്ന് റിപ്പോർട്ട്. വിവിധ കേസുകളിൽ കോടതിവിധി പ്രകാരം നാടുകടത്തപ്പെട്ടവർ, നിയമലംഘനങ്ങളുടെ പേരിൽ നാടുകടത്തപ്പെട്ടവർ എന്നിവർ ഇക്കൂട്ടത്തിലുണ്ട്. പന്ത്രണ്ടു മാസത്തിനിടെ നാടുകടത്തപ്പെട്ട മൊത്തം വിദേശികളുടെ എണ്ണം 31,101 ആണ്. ഡിസംബറിൽ മാത്രം 2708 വിദേശികളെ നാടുകടത്തി. ഇതിൽ 781 പേർ ഇന്ത്യക്കാരാണ്. അതേസമയം വിവിധ കേസുകളിൽ പിടികിട്ടാനുണ്ടായിരുന്ന 31,000 ആളുകളെ കഴിഞ്ഞവർഷം കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തായി ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു.
പിടികിട്ടാപ്പുള്ളികൾ എന്നനിലയിൽ തടവുശിക്ഷ വിധിക്കപ്പെട്ടിരുന്നവരാണ് പിടിയിലായവരിൽ 240 പേർ. കൊള്ള നടത്തിയതുമായി ബന്ധപ്പെട്ട് 270 പേരും അറസ്റ്റിലായി. ബാച്ചിലേഴ്സ് മേഖലയിൽ മോഷണം പോലുള്ള കേസുകളിൽ ഉൾപ്പെട്ടവരാണ് അവരിൽ കൂടുതൽ. അതിനിടെ സർക്കാർ ഏജൻസികളിൽ ജോലി ചെയ്യുന്ന വിദേശികളുടെ വിവരം ആവശ്യപ്പെട്ട് പാർലിമെന്റിലെ എംപ്ലോയ്മെന്റ് ആൻഡ് റീപ്ലെയ്സ്മെന്റ് കമ്മിറ്റി എട്ടു സർക്കാർ ഏജൻസികൾക്കു കത്തയച്ചു.
വിദേശികൾ ചെയ്യുന്ന ജോലിയുടെ സ്വഭാവം, നിയമനരീതി, കരാർ വ്യവസ്ഥകൾ എന്നിവ ലഭ്യമാക്കണമെന്നാണ് ആവശ്യം. പ്രസ്തുത ജോലികൾ ചെയ്യാൻ സ്വദേശികളെ ലഭ്യമാണെങ്കിൽ വിദേശികളെ പിരിച്ചുവിട്ടാലുണ്ടാകുന്ന അവസ്ഥയെക്കുറിച്ചും കത്തിൽ ആരാഞ്ഞിട്ടുണ്ട്. സ്വദേശികൾക്കുള്ള തൊഴിൽ മറ്റുള്ളവർക്കു നൽകരുതെന്ന നിലപാടാണ് കമ്മിറ്റിയുടേതെന്നു ചെയർമാൻ ഖാലിദ് അൽ സാലെ അറിയിച്ചു.

