യു.എൻ രക്ഷാസമിതിയിൽ കുവൈത്തിന്റെ താൽക്കാലിക അംഗത്വം പ്രാബല്യത്തിൽ
കുവൈത്ത് സിറ്റി: യു.എൻ രക്ഷാസമിതിയിൽ കുവൈത്തിന്റെ താൽക്കാലിക അംഗത്വം പ്രാബല്യത്തിൽ. അറബ് ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് രക്ഷാസമിതിയിൽ ഈജിപ്‌തിനുണ്ടായ താൽക്കാലിക അംഗത്വ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കുവൈത്ത് തിരഞ്ഞെടുക്കപ്പെട്ടത്.
രക്ഷാസമിതി അംഗത്വ പ്രശ്നങ്ങൾ പക്ഷം ചേരാതെ നിഷ്പക്ഷമായി കൈകാര്യം ചെയ്യാനാണ് കുവൈത്ത് ശ്രമിക്കുകയെന്ന് വിദേശകാര്യമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽഹമദ് അൽ സബാഹ് പ്രസ്‌താവിച്ചിട്ടുണ്ട്. യുദ്ധങ്ങളും സംഘർഷങ്ങളും ഇല്ലാതാക്കാൻ അംഗരാജ്യങ്ങളെ പ്രേരിപ്പിക്കുന്ന നിലപാടാകും കുവൈത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു. യു.എൻ ജനറൽ അസംബ്ലിയിലെ 193 അംഗരാജ്യങ്ങളിൽ 188 രാജ്യങ്ങളുടെ പിന്തുണയോടെയാണ് കുവൈത്തിന് രക്ഷാസമിതിയിൽ താൽക്കാലിക അംഗത്വം ലഭിച്ചതെന്ന് യു.എന്നിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി മനസൂർ അൽ ഉതൈബി പറഞ്ഞു.
രാജ്യാന്തര സമൂഹത്തിന്റെ വിശ്വാസ്യത നേടാൻ കുവൈത്തിന് സാധിച്ചുവെന്നതാണ് അത് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.എൻ ആർട്ടിക്കിൾ അനുസരിച്ച് സംഘർഷം തടയുകയും മധ്യസ്ഥം തുടരുകയും ചെയ്യുക എന്നതാണ് രക്ഷാസമിതിയുടെ ദൗത്യം. യു.എൻ പൊതുസഭാ പരിഷ്കരണത്തിനും ശ്രമം തുടരും.
രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിന് അറബ് രാജ്യങ്ങൾ ശ്രമം തുടരും. രക്ഷാസമിതി പരിഷ്കരണം എന്ന ആവശ്യത്തിന് 23 വർഷത്തെ പഴക്കമുണ്ട്. വീറ്റോ അധികാരം പുതിയ അംഗങ്ങൾക്കും നൽകണം. അല്ലാത്തപക്ഷം വീറ്റോ അധികാരം പ്രയോഗിക്കുന്നത് ലോകസുരക്ഷ കണക്കാക്കിയുള്ള പ്രധാന സംഭവങ്ങൾക്ക് മാത്രമായിരിക്കണം.

