ഒമാനിലെ ആദ്യ സൗരോർജ്ജ വൈദ്യുതി പദ്ധതി ദാഖാലിയായിൽ
മസ്ക്കറ്റ്‍: ഒമാനിലെ ആദ്യ സൗരോർജ്ജ വൈദ്യുതി പദ്ധതി ദാഖാലിയാ ഗവർണറേറ്റിൽ. പദ്ധതി പൂർത്തിയാകുന്നതോടെ പ്രദേശത്തെ 33,000 വീടുകളിൽ വൈദ്യുതി എത്തിക്കാനാകും. 500 ദശലക്ഷം അമേരിക്കൻ ഡോളർ ചെലവ് വരുന്ന 500 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദനശേഷിയുള്ളതാണ് പദ്ധതി. ഒമാൻ വാട്ടർ ആൻഡ് പ്രൊക്യുയർമന്‍റ് കന്പനിയാണ് നിർമ്മിക്കുന്നത്.
2018 അവസാനത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് 2021ൽ പ്രവർ ത്തനമാരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. വർഷത്തിൽ ഭൂരിഭാഗവും വരണ്ട കാലാവസ്ഥയും കടുത്ത ചൂടും അനുഭവപ്പെടുന്നതിനാൽ സൗരോർജ്ജ പദ്ധതികൾക്ക് ഒമാനിൽ വലിയ സാധ്യതയാണുള്ളത്.
നിലവിൽ രാജ്യത്ത് 96 ശതമാനം വൈദ്യുതി ഉൽപ്പാദനവും പ്രകൃതിവാതകം ഉപയോഗിച്ചാണ് നടക്കുന്നത്. രാജ്യത്ത് കൂടുതൽ സൗരോർജ്‍ജ പദ്ധതി നടപ്പിൽ വരുത്തുന്നതോട് കൂടി പ്രകൃതി വാതകത്തെ പൂർണ്ണമായും ആശ്രയിക്കേണ്ട സാഹചര്യം ഇല്ലാതാകും.
ഊർജ്ജ ഉൽപ്‍പാദനത്തിന് പരന്പരാഗത മാർഗങ്ങളെ ആശ്രയിക്കുന്നത് കുറക്കാൻ ലക്ഷ്യമിട്ടുള്ള 'സഹിം' പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ നീക്കം.

