ജി.സി.സി വാർഷിക ഉച്ചകോടിക്ക് കുവൈത്ത് ഒരുങ്ങുന്നു
കുവൈത്ത് സിറ്റി : ഗൾഫ് രാഷ്ട്രത്തലവന്‍മാർ പങ്കെടുക്കുന്ന ജി.സി.സി വാർഷിക ഉച്ചകോടി അഞ്ച്, ആറ് തീയ്യതികളിൽ കുവൈത്തിൽ നടക്കും. ചില ജി.സി.സി അംഗരാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾക്കിടയിലാണ് വാർഷിക സമ്മേളനം നടക്കുന്നത്.
ജി.സി.സി അംഗരാജ്യങ്ങളായ സൗദി, ബഹ്‌റൈൻ, യു.എ.ഇ രാജ്യങ്ങൾ ഒരു വശത്തും ഖത്തർ മറുവശത്തുമായുള്ള പ്രതിസന്ധി മാസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ പരിഹരിക്കാനായിട്ടില്ല. അതിനിടയിൽ നടക്കുന്ന വാർഷിക സമ്മേളനത്തിന് ഏറെ പ്രധാന്യമാണുള്ളത്.
ഇരുചേരികളിലുള്ള രാജ്യങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങളുടെ മഞ്ഞുരുക്കാനാവുമെന്നും, അതിനായി കുവൈത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന മധ്യസ്ഥ ശ്രമങ്ങൾ സജീവമായി വരുന്നതിനിടെയിലാണ് ഉച്ചകോടിയെന്നിരിക്കെ, പ്രശ്‌ന ങ്ങൾ പരിഹരിക്കാനാവുമെന്നാണ് മിക്കവരുടെയും പ്രതീക്ഷ.
ഭീകരപ്രവർത്തനങ്ങളെ ഖത്തർ അനുകൂലിക്കുന്നുവെന്ന വാദം നിരത്തിയാണ് സൗദി, യു.എ.ഇ, ബഹ്‌റൈൻ കൂടാതെ ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ കഴിഞ്ഞ ജൂണിൽ്‍ ഖത്തറിന് ഉപരോധമേർപ്പെടുത്തിയത്.
എന്നാൽ തങ്ങൾക്കെതിരേയുള്ള ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന നിലപാടാണ് ഖത്തറിനുള്ളത്. തങ്ങളുടെ വിദേശനയ കാഴ്ചപ്പാടുകൾ നിർബന്ധപൂർവ്‍വം പിന്തുടരാത്തതാണ് ഈ രാജ്യങ്ങൾ എതിരാക്കാൻ കാരണമെന്ന് ഖത്തർ ആരോപിക്കുന്നു. ഇറാൻ, ഇറാഖ് എന്നീ അയൽ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധമാണ് ഇവരെ ചൊടിപ്പിച്ചിരിക്കുന്നതെന്നാണ് ഖത്തർ വാദം.
കഴിഞ്ഞ ദിവസം ജി.സി.സി വാർഷിക ഉച്ചകോടിയിൽ സംബന്ധിക്കാനുള്ള കുവൈത്ത് അമീർ ഷെയ്ഖ് സാബാ അൽ അഹ്മദ് അൽ ജാബിർ അൽ സാബായുടെ ക്ഷണപത്രം ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്കു നൽകിയിരുന്നു. കുവൈത്ത് അമീറിന്റെ ക്ഷണപത്രം ഖത്തറിലെ കുവൈത്ത് അംബാസഡർ ഹഫീത് അൽ അജമിയാണ് ഖത്തർ അമീറിന് കൈമാറിയത്.

