കഹ്റാമയ്ക്ക് 3,800 കോടിയുടെ പഞ്ചവൽസര പദ്ധതികൾ
ദോഹ : അഞ്ചുവർഷത്തിനുള്ളിൽ രാജ്യത്ത് 3,800 കോടി റിയാലിന്റെ വികസന പദ്ധതികൾ നടപ്പാക്കുമെന്ന് കഹ്റാമ. 2022 വരെയുള്ള കാലയളവിൽ രാജ്യത്തു വൻവികസനമാണ് ഉണ്ടാവുക. ഇതു കണക്കിലെടുത്ത് പഞ്ചവൽസര ബജറ്റ് പുതുക്കിയതായി കഹ്റാമ ആസൂത്രണ, ഗുണമേന്മാ വിഭാഗം ഡയറക്ടർ ഇബ്രാഹിം അൽ ഇമാദി പറഞ്ഞു.
കഹ്റാമയുടെ വാർഷിക പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായി ദോഹ ഹിൽട്ടൺ ഹോട്ടലിൽ നടന്ന ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രതിവർഷം 700 കോടി റിയാലിലേറെയാണ് വികസന പദ്ധതികൾക്കായി കഹ്റാമ ചെലവിടുക. 18 വർഷത്തിനുള്ളിൽ 18 പദ്ധതികൾ എന്ന ലക്ഷ്യവുമായാണ് കഹ്റാമ ഇപ്പോൾ മുന്നേറുന്നത്. 2014ലാണ് ഇതിനുള്ള പദ്ധതി തയ്യാറാക്കിയത്. മൂന്നുഘട്ടമായാണ് പദ്ധതി നടത്തിപ്പ്. അടുത്തവർഷം അവസാനത്തോടെ ഒന്നാംഘട്ടം പൂർണമാകും.
രണ്ടാംഘട്ടം 2019−23 വർഷങ്ങളിലായും അവസാനഘട്ടം 2024−30 വർഷങ്ങളിലായും നടപ്പാക്കുമെന്ന് അൽ ഇമാദി വിശദീകരിച്ചു. അവസാന രണ്ടുഘട്ടങ്ങളിലെ വികസന പദ്ധതികൾ കഹ്റാമയെ മേഖലാതലത്തിൽ ജനസേവനത്തിൽ ഒന്നാമതെത്തിക്കും. 2017ൽ ലക്ഷ്യമിട്ട കാര്യങ്ങളിൽ 75 ശതമാനവും ഇതിനോടകം പൂർത്തീകരിക്കാനായി. രാജ്യത്തിന്റെ എല്ലാമേഖലകളിലും വൈദ്യുതി, കുടിവെള്ള വിതരണ ശൃംഖലയ്ക്ക് കീഴിലാക്കിയതായും അദ്ദേഹം പറഞ്ഞു.
കോർപറേഷന്റെ പ്രവർത്തനമികവ് ഉറപ്പാക്കാൻ ആറിന പ്രവർത്തനതന്ത്രത്തിനാണ് രൂപം നൽകിയിരിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കഹ്റാമ പ്രസിഡണ്ട് ഈസ ബിൻ ഹിലാൽ അൽ കുവാരി പറഞ്ഞു. വിവിധ ഡിപ്പാർട്മെന്റ് ഡയറക്ടർമാരും മാനേജർമാരുമാണ് ചർച്ചായോഗത്തിൽ പങ്കെടുത്തത്.

