കുവൈത്തിലെ തപാൽ മേഖലയിൽ സ്വകാര്യവൽക്കരണത്തിന് നീക്കം
കുവൈത്ത് സിറ്റി : തപാൽ മേഖല സ്വകാര്യവൽക്കരിക്കുന്ന നടപടി സജീവം. പാഴ്സലുകൾ ഉൾപ്പെടെ തപാലുമായി ബന്ധപ്പെട്ട സേവനങ്ങൾ സ്വകാര്യവൽക്കരിക്കുന്ന നടപടി മന്ത്രിസഭയുടെ അനുമതി കാത്തിരിക്കുകയാണെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കി. തപാൽ മേഖല സ്വകാര്യവൽക്കരിക്കുന്നതോടെ സേവനം മെച്ചപ്പെടുത്താനാകുമെന്നാണ് അധികൃതർ കണക്കാക്കുന്നത്.
തപാൽ മേഖലയുടെ പ്രവർത്തനംവഴി സർക്കാർ നേരിടുന്ന പ്രയാസങ്ങൾ കുറയ്ക്കാനും അത് സഹായിക്കും. സ്വകാര്യവൽക്കരണം നടപ്പാക്കിയാലും സർക്കാരിന്റെ മേൽനോട്ടം ഉറപ്പുവരുത്തിക്കൊണ്ടുള്ള മാറ്റമാകും നടപ്പാക്കുക. സ്വകാര്യവൽക്കരണം സുഗമമായി പ്രാവർത്തികമാക്കുന്നതിനുള്ള മാർഗങ്ങൾ നിർദ്ദേശിക്കാൻ മന്ത്രിസഭ നേരത്തേ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. സമിതിയുടെ നിർദ്ദേശം അനുസരിച്ചുള്ള നടപടികളാണ് സ്വകാര്യവൽക്കരണത്തിനു സ്വീകരിക്കുക.

