ബഹ്റൈൻ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ പുതിയ പരിഷ്കാരം; വാട്ടർ കണക്ഷൻ ഇനി വെറും രണ്ട് ദിവസത്തിനകം
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്തെ ജനങ്ങൾക്ക് ആശ്വാസമേകി ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (EWA) പുതിയ പരിഷ്കാരം. പുതിയ വാട്ടർ കണക്ഷൻ അപേക്ഷകൾക്കായി പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലുള്ള ഇൻസ്പെക്ഷൻ സംവിധാനം അതോറിറ്റി അവതരിപ്പിച്ചു. ഇതോടെ കണക്ഷൻ ലഭിക്കുന്നതിനുള്ള പ്രൊസീസിങ് സമയം അഞ്ച് പ്രവൃത്തിദിവസങ്ങളിൽ നിന്ന് വെറും രണ്ട് ദിവസമായി കുറയും.
സ്വദേശികൾ, പ്രവാസികൾ, ബിസിനസ്സ് സ്ഥാപനങ്ങൾ, മറ്റ് ഓർഗനൈസേഷനുകൾ എന്നിവർക്കെല്ലാം ഈ ഡിജിറ്റൽ സേവനം പ്രയോജനപ്പെടുത്താം. അർഹതപ്പെട്ട കേസുകളിൽ പരമ്പരാഗത രീതിയിലുള്ള നേരിട്ടുള്ള പരിശോധനകൾ ഒഴിവാക്കി, വേഗത്തിൽ പുതിയ വാട്ടർ കണക്ഷനും മീറ്റർ ഇൻസ്റ്റലേഷനും ലഭ്യമാക്കാൻ ഈ സംവിധാനം സഹായിക്കും.
ഈ പുതിയ അപ്‌ഗ്രേഡിലൂടെ സേവന നടപടിക്രമങ്ങൾ ലളിതമാവുകയും ആവശ്യമായ രേഖകളുടെ എണ്ണം 50 ശതമാനത്തോളം കുറയുകയും ചെയ്തു. ഡിജിറ്റൽ വൽക്കരണത്തിലൂടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും ഉപഭോക്താക്കൾക്ക് കൂടുതൽ വേഗതയേറിയ സേവനം നൽകാനും സാധിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.
xbvcxb

