പകർത്തിയെഴുതാൻ വൈകിയതിന് രണ്ടാം ക്ലാസുകാരന് മർദനം; കണ്ണൂരിൽ അധ്യാപകന് സസ്പെൻഷൻ
ഷീബ വിജയൻ
കണ്ണൂർ ഇരിക്കൂറിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ച സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് കർശന നടപടി സ്വീകരിച്ചു. പട്ടാനൂർ യുപി സ്കൂളിലെ അധ്യാപകനായ വിപിനെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്തതിന് തൊട്ടുപിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ അടിയന്തര നടപടി. ഈ മാസം 16-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ലാസ് മുറിയിലെ ബോർഡിൽ എഴുതിയത് നോക്കി ബുക്കിലേക്ക് പകർത്തിയെഴുതാൻ വൈകിയതിനാണ് അധ്യാപകൻ കുട്ടിക്ക് നേരെ കൈയേറ്റം നടത്തിയത്. കൈകൊണ്ട് കുട്ടിയുടെ മുതുക് ഭാഗത്ത് ശക്തമായി മർദിക്കുകയായിരുന്നുവെന്നാണ് പരാതി. മർദനത്തെ തുടർന്ന് കടുത്ത പുറംവേദന അനുഭവപ്പെട്ട വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയുടെ വീട്ടിലെത്തി വിശദമായ മൊഴിയെടുത്തു. തുടർന്ന് ബുധനാഴ്ച കുട്ടിയുടെ അമ്മ നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അധ്യാപകനെതിരെ കേസെടുത്തത്.
bcfvdfvdfs

