ജി­.സി­.സി­ തലത്തിൽ വാ­റ്റ് നടപ്പാ­ക്കാ­നു­ള്ള തീ­രു­മാ­നത്തി­നെ­തി­രെ­ കു­വൈ­ത്ത് എം‌.പി­മാർ രംഗത്ത്


കുവൈത്ത് സിറ്റി : ജി.സി.സി തലത്തി ൽ വാറ്റ് (മൂല്യവർദ്ധിത നികുതി) ഏർപ്പെടുത്തുന്നതിനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി എം.‌പിമാർ രംഗത്ത്. ഗൾഫ് രാജ്യങ്ങളുടെ വാറ്റ് നയത്തിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഇതേത്തുടർന്നാണ് എം‌.പിമാർ വിയോജിപ്പുമായി രംഗത്തുവന്നിട്ടുള്ളത്. സാന്പത്തിക പരിഷ്കരണം എന്ന പേരിൽ വിലവർദ്ധനയ്ക്കു വഴിവയ്ക്കുന്ന നടപടികൾ സ്വീകരിക്കാൻ സർക്കാർ താൽപ്പര്യം കാണിക്കരുതെന്നു ഖലീൽ അൽ സാലെ എം‌.‌പി പറഞ്ഞു. ജീവിത ചെലവിലെ വർദ്ധനകൊണ്ട് ഇതിനകം പ്രയാസപ്പെടുന്ന ജനങ്ങൾക്കു കൂടുതൽ പ്രയാസം സൃഷ്ടിക്കുന്നതാകും വാറ്റ് വഴിയുണ്ടാകുന്ന ബാധ്യതകളെന്നു ഫൈസൽ അൽ കന്ദരി പ്രസ്‌താവിച്ചു.

വാറ്റ് നടപ്പാക്കുന്നതിനു മുന്പ് പൊതുസേവനം മെച്ചപ്പെടുത്താനാണു സർക്കാർ തയാറാകേണ്ടതെന്ന് അബ്ദുൽ കരീം അൽ കന്ദരി അഭിപ്രായപ്പെട്ടു. ഉപയോക്താവ് നൽകേണ്ടിവരുന്ന അഞ്ചുശതമാനം വാറ്റ് കച്ചവടക്കാർക്കു ലാഭമുണ്ടാക്കാനുള്ള വഴി മാത്രമായിത്തീരും.

വിലക്കയറ്റം തടയാൻ സർക്കാരിനെക്കൊണ്ടു കഴിയില്ലെന്നും കന്ദരി പറഞ്ഞു. വ്യാപാരമേഖലയിലെ മത്സരം, കുത്തക, വ്യാജന്മാർക്കെതിരെയുള്ള നടപടി എന്നീ കാര്യങ്ങളിൽ നിലവിലുള്ള നിയമ സംവിധാനം പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു. വാറ്റ് വഴി ജനങ്ങളുടെ കീശയിൽ കൈയിടുന്നതിനു പകരം കമ്മി കുറയ്ക്കുന്നതിനും പാഴ്ച്ചെലവ് ഇല്ലാതാക്കുന്നതിനും അഴിമതി തടയുന്നതിനുമാണു സർക്കാർ മുൻ‌കൈയെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വാറ്റ് ഉൾപ്പെടെ ഏതുതരത്തിലുള്ള നികുതി നിർദ്ദേശങ്ങളെയും എതിർക്കുമെന്നു റിയാദ് അൽ അദ്സാനി എം‌.പി പ്രസ്‌താവിച്ചു. വാറ്റ് സംബന്ധിച്ച ബിൽ സർക്കാരിന്റെ പ്രധാന കർമപദ്ധതികളിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. വിലക്കയറ്റത്തിനും അതുവഴി പൗരന്മാർക്കു പ്രയാസത്തിനും ഇടയാക്കുന്ന നടപടിയാണു നികുതി നിർദ്ദേശം എന്നതിനാൽ പ്രധാനമന്ത്രിയെ കുറ്റവിചാരണ ചെയ്യേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. പൊതുസേവന നിരക്കുകൾ വർദ്ധിപ്പിച്ചും നികുതികൾ ഏർപ്പെടുത്തിയും ജനങ്ങളെ പ്രയാസപ്പെടുത്തുന്ന നടപടികൾ അംഗീകരിക്കാൻ കഴിയില്ല. അതിനു പകരം ചെലവു ചുരുക്കാനാണു സർക്കാർ തയ്യാറാകേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉപയോക്താക്കളുടെ ചെലവിൽ ചില വ്യാപാരികളും കന്പനികളും നേട്ടമുണ്ടാക്കുന്ന കാര്യമാകും വാറ്റ് എന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതി−വെള്ളം നിരക്കു വർദ്ധിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനുണ്ടായതുപോലെ വാറ്റ് സംബന്ധിച്ച നടപടികൾക്കും പാർലമെന്റിൽ സർക്കാരിനു തിരിച്ചടി നേരിടേണ്ടിവരും. 

കുവൈത്ത് കുടുംബങ്ങളുടെ ബജറ്റിനെ പ്രതികൂലമായി ബാധിക്കുന്ന നടപടികളാണു സർക്കാർ കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. പൗരന്മാരെ പ്രതികൂലമായി ബാധിക്കുന്ന നടപടിയാണു സർക്കാർ ഒരിക്കൽക്കൂടി സ്വീകരിച്ചിട്ടുള്ളതെന്നു ഹമൂദ് അൽ ഖുദൈരി പറഞ്ഞു. അത്തരമൊരു നിയമത്തിനു പാർലമെന്റിന്റെ അംഗീകാരം പ്രതീക്ഷിക്കേണ്ടതില്ല. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റിനു ജനങ്ങൾക്കെതിരായ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed