രാജ്യത്തെ ചികിത്സാ സംവിധാനം പുനഃക്രമീകരിക്കുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രി
കുവൈത്ത് സിറ്റി : രാജ്യത്തെ ചികിത്സാ സംവിധാനം പുനഃക്രമീകരിക്കുമെന്ന പ്രഖ്യാപനവുമായി കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ജമാൽ അൽ ഹർബി രംഗത്ത്്. ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്‌താകും പദ്ധതിക്ക് രൂപം നൽകുകയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മുഴുവൻ ക്ലിനിക്കുകളും ആശുപത്രികളും ഇതിനായി സജ്ജീകരിക്കേണ്ടതുണ്ട്. കാര്യക്ഷമമായ രീതിയിൽ പ്രവർത്തനത്തിനുള്ള സംവിധാനവും ഒരുക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. അതിനിടെ ഗുണനിലവാരം ഉറപ്പുവരുത്തിയ ഭക്ഷണം മാത്രമേ ആശുപത്രികളിൽ വിതരണം ചെയ്യാറുള്ളൂവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു കന്പനിയുടെ പാൽ ഉൽപന്നങ്ങൾ ഗുണനിലവാരം കുറഞ്ഞതിനെ തുടർന്നു പിൻവലിച്ചതായി സമൂഹ മാധ്യമങ്ങളിൽ വന്ന അഭ്യൂഹങ്ങളെക്കുറിച്ചുള്ള പ്രതികരണത്തിലാണ് മന്ത്രാലയം അക്കാര്യം അറിയിച്ചത്.
ഭക്ഷ്യവസ്‌തുക്കളുടെ ഗുണനിലവാരത്തിന്റെ കാര്യത്തിൽ മന്ത്രാലയം ഒരു വിട്ടുവീഴ്ചയും ചെയ്യാറില്ല. യഥാസമയം ഗുണനിലവാരം പരിശോധിച്ച ശേഷമേ ഭക്ഷ്യവസ്തുക്കളുടെ വിതരണം അനുവദിക്കാറുള്ളൂ. തയ്യാറാക്കുന്നത് മാത്രമല്ല, സൂക്ഷിക്കുന്നതും നിർദിഷ്ട നിലവാരമുള്ള സംവിധാനങ്ങളിലാണെന്നും ഉറപ്പുവരുത്താറുണ്ട്.
ഭക്ഷ്യ നിർമ്മാണ കന്പനികളും ആരോഗ്യ മന്ത്രാലയത്തിലെ ലബോറട്ടറിയും സൂക്ഷ്മ പരിശോധന നടത്തിയ ശേഷം മാത്രമാണ് രോഗികൾക്ക് ഭക്ഷണം എത്തിക്കുന്നതെന്നും പ്രസ്‌താവനയിൽ പറഞ്ഞു. അതേസമയം ജഹ്‌റ ആശുപത്രിയിലെ സ്പെഷലൈസ്ഡ് യൂണിറ്റ് ആരോഗ്യ മന്ത്രി ഡോ. ജമാൽ അൽ ഹർബി ഉദ്ഘാടനം ചെയ്‌തു. രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള ആധുനിക സംവിധാനങ്ങൾ ഉൾപ്പെടെ നവീന രീതിയാണ് പുതിയ യൂണിറ്റിലെന്നു മന്ത്രി പറഞ്ഞു.

