അബ്ദലി ചാരക്കേസ് ; പ്രതികളെ പിടികൂടാൻ ശക്തമായ നടപടിയുമായി കുവൈത്ത്
കുവൈത്ത് സിറ്റി : അബ്ദലി ചാരക്കേസിൽ സുപ്രീം കോടതി വിധിക്കു പിന്നാലെ കുവൈത്തിൽ നിന്നു കടന്ന പ്രതികളെ പിടികൂടാൻ സുരക്ഷാവിഭാഗം നടപടികൾ ശക്തമാക്കി. 14 പേരുടെയും വിരലടയാളം രാജ്യത്തെ എല്ലാ അതിർത്തി കവാടങ്ങൾക്കു കൈമാറി. കുവൈത്തിന്റെയോ മറ്റേതെങ്കിലും വിദേശ രാജ്യത്തിന്റെയോ വ്യാജ പാസ്പോർട്ടോ മറ്റോ ഉപയോഗിച്ച് അതിർത്തി കടക്കുന്നത് കണ്ടുപിടിക്കാനാണിത്.
സ്പീഡ് ബോട്ടിൽ കുവൈത്തിൽനിന്ന് കടന്നവർ രാജ്യാന്തര സമുദ്രാതിർത്തി കടന്നശേഷം ഇറാൻ വക കപ്പലിൽ ഇറാനിലേക്ക് മുങ്ങിയെന്നാണു നേരത്തേ കുവൈത്ത് അധികൃതർക്ക് ലഭിച്ച വിവരം.
ഇറാൻ, ലബനനിലെ ഹിസ്ബുല്ല എന്നിവയ്ക്ക് വേണ്ടി ചാരവൃത്തി നടത്തുന്നവരെയാണ് 2015 ഒക്ടോബറിൽ അബ്ദലിയിൽ സ്ഫോടകവസ്തുക്കളും മാരകായുധങ്ങളും സഹിതം പിടികൂടിയത്. ക്രിമിനൽ കോടതി ശിക്ഷ വിധിക്കുകയും അപ്പീൽ കോടതി വിട്ടയയ്ക്കുകയും ചെയ്ത പ്രതികൾക്ക് സുപ്രീം കോടതി തടവ് വിധിച്ചിരുന്നു.
ചാരക്കേസ് പ്രതികളെ സഹായിക്കുന്നുവെന്നതിന്റെ പേരിൽ കുവൈത്തും ഇറാനും തമ്മിൽ നയതന്ത്രതലത്തിൽ ഭിന്നതയും ഉടലെടുത്തിട്ടുണ്ട്. കുവൈത്തിലെ എംബസിയിൽ നയതന്ത്ര ഉദ്യോഗസ്ഥരെ കുറയ്ക്കണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടിരുന്നു. ഇറാനിലെ കുവൈത്ത് എംബസിയിലെ നയതന്ത്രസ്ഥാനിയെ വിളിച്ചുവരുത്തി ഇറാൻ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.

