വാർഷിക ആരോഗ്യ ഇൻഷുറൻസ് ഫീസ് വർദ്ധന ഉടനില്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രി
കുവൈത്ത് സിറ്റി : കുവൈത്തിൽ വിദേശികളുടെ വാർഷിക ആരോഗ്യ ഇൻഷുറൻസ് ഫീസ് വർദ്ധനവ് ഉടൻ ഉണ്ടാകില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു. വിദേശികൾക്കായുള്ള നിർദ്ദിഷ്ട ഇൻഷുറൻസ് ആശുപത്രികൾ പ്രവർത്തന സജ്ജമാകുന്നത് വരെ നിലവിലെ സ്ഥിതി തുടരാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.
സർക്കാർ ആശുപത്രിയിലെ തിരക്ക് കുറക്കുന്നതിനെറ ഭാഗമായിട്ടാണ് വിദേശികൾക്ക് മാത്രമായി പ്രത്യേക ആശുപത്രികൾ നിർമ്മിക്കുന്നത്. വിദേശികളുടെ ഇൻഷുറൻസ് സേവനങ്ങൾക്കായി രൂപീകരിച്ച പൊതു സ്വകാര്യ പങ്കാളിത്ത കന്പനിക്കു കീഴിൽ, തുടക്കത്തിൽ ജഹറ, അഹ്മദി എന്നിവിടങ്ങളിൽ 600 രോഗികളെ വീതം കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള രണ്ട് ആശുപത്രികളാണ് ആരംഭിക്കുക.
2020ഓടെ ഇതിന്റെ നിർമ്മാണം പൂർത്തിയാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. അതുവരെ ഹെൽത്ത് ഇൻഷുറൻസ് നിലവിൽ നൽകുന്നത് പോലെ 50 ദിനാർ തന്നെയായിരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ജമാൽ അൽ ഹർബി അറിയിച്ചു. നിർദ്ദിഷ്ട ആശുപത്രി പൂർണമായും പ്രവർത്തന സജ്ജമായാൽ ഹെൽത് ഇൻഷുറൻസ് ഫീസ് 130 ദിനാറാക്കി വർദ്ധിപ്പിക്കുമെന്ന് നേരത്തെ മന്ത്രാലയം അറിയിച്ചിരുന്നു.
പദ്ധതിയുടെ ഭാഗമായുള്ള മൂന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തികളും പുരോഗമിക്കുകയാണ്. ഇതിന് പുറമെ സ്വകാര്യ മേഖലയിലെ ആശുപത്രികളിൽ ചിലത് വാടകക്ക് എടുക്കാൻ ആലോചിക്കുന്നതായും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ, നിലവിൽ ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ നൽകിവരുന്ന കന്പനിയുമായുള്ള കരാർ അടുത്ത വർഷം ജനുവരി 27 വരെ നീട്ടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശികളുടെ ചികിത്സ ഇൻഷുറൻസ് ആശുപത്രിയിലേക്ക് മാറ്റിയാലും ആരോഗ്യ മന്ത്രാലയത്തിന്റെ മേൽനോട്ടവും നിരീക്ഷണവുമുണ്ടാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

