മദ്യ നിർമ്മാണം: ഇന്ത്യക്കാർ ഉൾപ്പെടെ ഒൻപത് പേർ പിടിയിൽ
മദ്യ നിർമാണവുമായി ബന്ധപ്പെട്ട് രണ്ടിടങ്ങളിൽ നടത്തിയ പരിശോധനയിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ ഒൻപതുപേർ പിടിയിൽ. കൈഫാനിലെ ഒരു വീട് കേന്ദ്രീകരിച്ചു മദ്യനിർമാണത്തിൽ ഏർപ്പെട്ടതിനാണ് ഇന്ത്യക്കാരനും മൂന്നു ശ്രീലങ്കക്കാരും പിടിയിലായത്.
രഹസ് യവിവരത്തെ തുടർന്നു നിരീക്ഷണം നടത്തിയ പോലീസ് പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് വാറണ്ട് സന്പാദിച്ച് വീടു പരിശോധിക്കുകയായിരുന്നു. അവിടെ നിന്ന് 125 ബക്കറ്റ് മദ്യവും മദ്യനിർമാണത്തിനുള്ള ഉപകരണങ്ങളും പിടികൂടി.
പിടികൂടിയവർ ഇഖാമ കാലാവധി കഴിഞ്ഞ് കുവൈത്തിൽ തങ്ങുന്നവരാണെന്നും കണ്ടെത്തി. ഒരാൾ കുടിയേറ്റ വിഭാഗം അന്വേഷിച്ചു വരുന്ന ആളുമായിരുന്നു. വീടു വാടകയ്‌ക്കെടുത്തു മദ്യനിർമാണം തൊഴിലാക്കുകയായിരുന്നു നാൽവർ സംഘം. മഹ്‌ബൂലയിൽ ഫ്ളാറ്റിനകത്തു മദ്യനിർമാണത്തിൽ ഏർപ്പെട്ട വിയറ്റ്‌നാം സ്വദേശികളായ അഞ്ചുപേരാണ് പിടിയിലായത്. ഫ്ളാറ്റിൽനിന്ന് 63 കുപ്പി മദ്യവും പിടികൂടി. പിടിയിലായവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്കു കൈമാറി.

