മഴ നനയാതെ വിമാനം കയറാന്‍ സൗകര്യം ഒരുക്കിയില്ല: കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് 16,000 രൂപ പിഴ


വിമാനത്താവളത്തില്‍ യാത്രക്കാരന് മഴ നനയാതെ വിമാനം കയറാന്‍ സൗകര്യം ഒരുക്കാത്തതിന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളം 16000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. എറണാകുളം വെണ്ണല സ്വദേശിയായ ടി ജി എന്‍ കുമാര്‍ സമര്‍പ്പിച്ച പരാതിയില്‍ ജില്ല ഉപഭോക്തൃ കോടതി പ്രസിഡണ്ട് ഡി ബി ബിനു, അംഗങ്ങളായ വി രാമചന്ദ്രന്‍, ശ്രീവിദ്യ ടി എന്‍ എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് ഈ ഉത്തരവിട്ടത്. എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യാനായി എയര്‍ പോര്‍ട്ടില്‍ എത്തിയപ്പോഴാണ് പരാതിക്കാരന് ഈ ദുരനുഭവം ഉണ്ടായത്. മഴ നനഞ്ഞ വസ്ത്രവുമായി ഡല്‍ഹി വരെ യാത്ര ചെയ്യേണ്ടി വന്നതിനാല്‍ പനി ബാധിച്ച് മൂന്ന് ദിവസം ആശുപത്രിയിലും കിടക്കേണ്ടി വന്നു. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും വിമാനങ്ങള്‍ കൊച്ചിയിലേക്ക് തിരിച്ച് വിട്ടതും സി ഐ എസ് എഫ് ഉദ്യോഗസ്ഥരുടെ കുറവും മൂലം യാത്രികന് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടായെന്നും പരാതിയില്‍ പറയുന്നു.

വന്‍ ലാഭം ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍ പോലും ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തില്‍ തികച്ചും നിരുത്തരവാദപരമായ നിലപാടാണ് പലപ്പോഴും സ്വീകരിക്കുന്നത്. മറ്റൊരിടത്തും ഉന്നയിക്കാന്‍ കഴിയാത്ത പരാതികളുമായി സാധാരണക്കാര്‍ ഉപഭോക്തൃ കോടതികളുടെ വാതിലില്‍ മുട്ടുമ്പോള്‍ നിശബ്ദരായി നോക്കി നില്‍ക്കാനാവില്ലെന്ന്' വിധിന്യായത്തില്‍ കോടതി വിലയിരുത്തി. പരാതിക്കാരന്‍ അനുഭവിച്ച ശാരീരിക ബുദ്ധിമുട്ടുകള്‍ക്കും മന:ക്ലേശത്തിനും 8,000 രൂപ നഷ്ട പരിഹാരവും 8,000 രൂപ കോടതി ചെലവും സിയാല്‍ ഒരു മാസത്തിനകം നല്‍കണമെന്നും ഉപഭോക്തൃ കോടതി നിര്‍ദ്ദേശിച്ചു.

article-image

GFDDFGFGD

You might also like

Most Viewed