ശ്രീറാമിന് തിരിച്ചടി; നരഹത്യാക്കുറ്റം നിലനില്‍ക്കും

മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. ശ്രീറാമിനെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. നരഹത്യാക്കുറ്റം ഒഴിവാക്കിയ സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി ഭാഗികമായി റദ്ദാക്കി. നരഹത്യാക്കുറ്റം ഒഴിവാക്കണമെന്ന ശ്രീറാമിന്‍റെ ഹര്‍ജി പരിഗണിച്ച തിരുവനന്തപുരം സെഷന്‍സ് കോടതി സംഭവം ഒരു വാഹനാപകടം മാത്രമാണെന്ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി. പ്രഥമദൃഷ്ട്യാ വാഹനം അമിത വേഗതയിലായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. വാഹനമോടിച്ചത് മദ്യപിച്ചതിന് ശേഷമാണെന്നും പ്രതി ശ്രീറാം വെങ്കിട്ടരാമൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നും കോടതി പറഞ്ഞു. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്നത് ഗുരുതരമായ തെറ്റാണ്. പലപ്പോഴും നിരപരാധികളാണ് ഇത്തരം അപകടങ്ങളില്‍ ഇരകളാകുന്നതെന്നും കോടതി നിരീക്ഷിച്ചു. അതുകൊണ്ട് ഇതിനെ വാഹനാപകടം മാത്രമായി കാണാനാവില്ലെന്നും കോടതി പറഞ്ഞു. ഇതോടെ ശ്രീറാമിനെതിരെ നരഹത്യാക്കുറ്റം അടക്കം ചുമത്തി വിചാരണ നടപടികളുമായി ഇനി മുന്നോട്ട് പോകാന്‍ കഴിയും.
അതേസമയം സംഭവസമയത്ത് ശ്രീറാമിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിനെ കേസില്‍നിന്ന് ഒഴിവാക്കി. കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കേസിലെ രണ്ടാം പ്രതിയായിരുന്നു വഫ. ഇവര്‍ക്കെതിരെ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.
FDGH